'കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കളിപ്പാവകളല്ല': സുപ്രീംകോടതി

കുട്ടികളുടെ വികാരങ്ങളും കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു

Supreme Court of India

ന്യൂഡൽഹി: കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കളിപ്പാവകളല്ലെന്നും അവരോട് തോന്നുന്ന വിധത്തിൽ പെരുമാറാൻ സാധിക്കില്ലെന്നും സുപ്രീംകോടതി. കുഞ്ഞുങ്ങളുടെ ക്ഷേമം അവരുടെ മാതാപിതാക്കളുടെ അവകാശങ്ങൾക്ക് മുകളിലാണെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ കസ്റ്റഡിയവകാശം സംബന്ധിച്ച വിവാഹമോചിതരായ മാതാപിതാക്കളുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

പിതാവ് തൻ്റെ കുഞ്ഞുങ്ങളുടെ സംരക്ഷകൻ ആയിരിക്കാം, എന്നാൽ അതിനർത്ഥം അവരുടെ കസ്റ്റഡിയവകാശം എപ്പോഴും അച്ഛന് മാത്രമാണ് എന്നല്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, അപരേഷ് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മഥുര സ്വദേശികളായ യുവാവും യുവതിയുമാണ് 16ഉം 14ഉം വയസ് പ്രായമുള്ള കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2014ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. എന്നാൽ 2024ൽ മദ്രാസ് ഹൈക്കോടതി കുട്ടികളെ പിതാവിനൊപ്പം വിട്ടു. ഇതിനെതിരെ കുട്ടികളുടെ അമ്മ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. അച്ഛനെ വളരെ കുറച്ചു തവണ മാത്രമേ കണ്ടിട്ടുള്ളു എന്ന് കുട്ടികൾ കോടതിയിൽ പറഞ്ഞു. അമ്മയുടെ കൂടെ നിൽക്കാനാണ് താൽപര്യമെന്നും കുട്ടികൾ കോടതിയിൽ വ്യക്തമാക്കി.

കുട്ടികൾക്ക് അവർക്കനുയോജ്യമായത് കണ്ടെത്താനുള്ള പക്വതയുണ്ടെന്നും അവരെ കഷ്ടപ്പെട്ട് വളർത്തിയതും പഠിപ്പിച്ചതും അവരുടെ അമ്മയാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുടെ വികാരങ്ങളും കണക്കിലെടുക്കണമെന്നും അവർ മാതാപിതാക്കളുടെ പാവകളല്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വിവേകപരമായി തെരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ ആ തീരുമാനം കോടതിക്ക് പരിഗണിക്കാവുന്നതാണ് എന്ന് നിരീക്ഷിച്ച കോടതി കുട്ടികളെ മാതാവിൻ്റെ കൂടെ അയയ്ക്കുകയും പിതാവിന് കുഞ്ഞുങ്ങളെ കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

Content Highlights: The Supreme Court has reiterated that children are not mere playthings for their parents while discussing child custody and welfare. The court emphasised that the best interests and overall well-being of children must take precedence over the competing legal rights of parents in custody disputes.

To advertise here,contact us