'അടിസ്ഥാനരഹിതം, ഇത്തരം കാര്യങ്ങൾ അവഗണിക്കുന്നതാണ് നല്ലത്'; കോൺഗ്രസ് എംപിയുടെ 'യാചക' പരാമർശത്തിൽ എസ് പി എംപി

സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമാജ്‌വാദി പാര്‍ട്ടി ഏകപക്ഷീയമായി 26 സീറ്റുകള്‍ പ്രാരംഭ പോയിന്റായി പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 'ഞങ്ങള്‍ യാചകരല്ല' എന്ന കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അവധേഷ് രംഗത്തെത്തിയത്

അഖിലേഷ് യാദവിനൊപ്പം അവധേഷ് പ്രസാദ്

അയോധ്യ: സൊഹ്‌റാന്‍പൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഇമ്രാന്‍ മസൂദിന്റെ 'യാചക' പരാമര്‍ശത്തിന് മറുപടിയുമായി ഫൈസബാദ് എംപി അവധേഷ് പ്രസാദ്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമാജ്‌വാദി പാര്‍ട്ടി ഏകപക്ഷീയമായി 26 സീറ്റുകള്‍ പ്രാരംഭ പോയിന്റായി പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 'ഞങ്ങള്‍ യാചകരല്ല' എന്ന കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അവധേഷ് രംഗത്തെത്തിയത്. ഇത്തരം ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അവധേഷ് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇമ്രാന്‍ മസൂദ് ഉന്നയിക്കുന്നതെന്നും, ഇത്തരം ചര്‍ച്ചകള്‍ക്ക് ചെവികൊടുക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐയോട് സംസാരിക്കുകയായിരുന്ന ഫൈസാബാദ് എംപി.

അവധേഷ് പ്രസാദ്

'ഇന്നലെ നടന്ന യോഗത്തില്‍ അത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഇവയെല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മാത്രമാണ്, വെറും കിംവദന്തികള്‍. ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു ശ്രദ്ധയും നല്‍കാതിരിക്കുന്നതാണ് നല്ലത്. ഇവ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. അതെല്ലാം താനെ ഇല്ലാതായിക്കോളും,' അവധേഷ് പ്രസാദ് പറഞ്ഞു.

'അത്തരമൊരു പ്രസ്താവന ഉണ്ടായിട്ടില്ല. ഇത്തരം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, യഥാര്‍ത്ഥത്തില്‍ പ്രാധാന്യമുള്ള വിഷയത്തെ കൃത്യമായി നോക്കിക്കാണുക. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം അന്തിമമാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ നല്ലൊരു സര്‍ക്കാര്‍ രൂപീകരിക്കപ്പെടും എന്നത് ഉറപ്പായ കാര്യമാണ്. യോഗത്തില്‍ ഉയര്‍ന്ന വിഷയങ്ങള്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്തു. എന്ത് വില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുകയും പകരം അഖിലേഷ് ജിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇതിനായി ഓരോ സീറ്റുകളിലുമുള്ള ചര്‍ച്ചകള്‍ നടന്നു, എന്നാല്‍ മുഴുവന്‍ ചര്‍ച്ചകളും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല' അവധേഷ് കൂട്ടിച്ചേര്‍ത്തു.

എസ്പി എംപി രാജീവ് റായിയും മസൂദിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചു. പരസ്യപ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 'അദ്ദേഹം എന്തിനാണ് ഇങ്ങനെയെല്ലാം പറയുന്നത്? വാക്കുകള്‍ എല്ലായ്‌പ്പോഴും വളരെ ആലോചിച്ച്, അളന്നുതൂക്കിയാകണം ഉപയോഗിക്കേണ്ടത്. സഖ്യത്തിലാണ് എന്ന് ഓര്‍ത്തുകൊണ്ടായിരിക്കണം പെരുമാറേണ്ടത്. അദ്ദേഹം സംയമനം പാലിക്കേണ്ടിയിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. എന്താണ് സംഭവിച്ചത് എന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിയാം. കൂടുതലൊന്നും തന്നെ പറയാനില്ല,' രാജീവ് റായ് പറഞ്ഞു.

രാജീവ് റായ്

സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ നിലപാടുകള്‍ സഖ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഈ നീക്കം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യത്തിന് സഹായകരമല്ലെന്നും ആരോപിച്ചാണ് ഇമ്രാന്‍ മസൂദ് രംഗത്തെത്തിയത്.

'സഖ്യത്തിനുള്ളില്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. സഖ്യത്തിന്റെ യോഗങ്ങളെല്ലാം ഡല്‍ഹിയിലാണ് നടന്നത്. എന്നാല്‍ ആ യോഗങ്ങള്‍ക്ക് പിന്നാലെ ഇത്തരമൊരു പ്രഖ്യാപനം നടത്തുകയും, 'സാര്‍, 26 സീറ്റുകളില്‍ നിന്നാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്' എന്ന് പറയുകയും ചെയ്യുന്നു. ഞങ്ങള്‍ നിങ്ങളോട് 26 സീറ്റുകള്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊന്നും നിങ്ങളോട് പറഞ്ഞിട്ടുമില്ല. ഞങ്ങള്‍ യാചകരല്ല,' യുപി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ മസൂദ്

'രണ്ടാം പട്ടിക നല്‍കാന്‍ ഞങ്ങള്‍ അവരുടെ വാതില്‍പ്പടിയില്‍ കാത്തുനില്‍ക്കുള്ള ഭിക്ഷക്കാരാണോ? നിങ്ങള്‍ സ്വന്തം നിലയ്ക്ക് പ്രഖ്യാപനം നടത്തുമ്പോള്‍ ഞങ്ങള്‍ എന്തിന് ലിസ്റ്റ് നല്‍കണം? ഞങ്ങളുടെ പാര്‍ട്ടിയെ ഞങ്ങള്‍ നോക്കിക്കൊള്ളാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പോരാടുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. എന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിനായി ഞാന്‍ പോരാടുക തന്നെ ചെയ്യും,' ഇമ്രാന്‍ മസൂദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എസ്പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും മസൂദ് അതൃപ്തി പ്രകടമാക്കിയിരുന്നു. സഹാറന്‍പൂരിലടക്കം എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് സ്ഥലം എംപി കൂടിയായ അദ്ദേഹത്തെ ചൊടിപ്പിച്ചത്. സഹാറന്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥിക്കെതിരെ മസൂദ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി അടക്കമുള്ള മണ്ഡലങ്ങളിലെ സീറ്റുകളടക്കമാണ് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ല എന്നതാണ് എസ്പിയുടെ നിലപാട്.

Content Highlight: Faizabad MP Awadhesh Prasad has dismissed Congress leader Imran Masood's allegations that the Samajwadi Party is unilaterally imposing its terms in the Uttar Pradesh seat-sharing negotiations. Prasad said no discussion had taken place on starting talks with 26 seats and urged people not to pay attention to baseless rumours. SP MP Rajiv Rai also criticised Masood's public remarks, calling for restraint within the alliance. The exchange comes amid growing differences between the Congress and SP over seat-sharing arrangements ahead of the 2027 Uttar Pradesh Assembly election.

To advertise here,contact us