ന്യൂഡൽഹി: സീത്രധനം ലഭിക്കാതതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്. സ്ത്രീധനമായി ആവശ്യപ്പെട്ട മാരുതി ബ്രെസ്സ കാറും സ്വര്‍ണ്ണാഭരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വരനായ കുല്‍ദീപ് തന്റെ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഡല്‍ഹി പൊലീസ് സേനയിലെ ഉദ്യോഗസ്ഥനാണിയാള്‍.
വരന് വിവാഹത്തില്‍ നിന്ന് പിന്മാറാതിരിക്കാന് വധുവിന്റെ കുടുംബം അവരുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഏകദേശം 8-9 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഹ്യുണ്ടായ് ഓറ ഏര്‍പ്പാട് ചെയ്തിരുന്നു. എന്നാല്‍ വരന് അത് സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന്, വധുവിന്റെ പിതാവ് സുഭാഷ് കുമാര്‍ സോണിപത്തിലെ സെക്ടര്‍ 27 പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വരന്, അമ്മ, സഹോദരന്, ഭാര്യയുടെ സഹോദരി, രണ്ട് ഇടനിലക്കാര്‍ എന്നിവര്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും വിവാഹ വേദിയില്‍ ബഹളം വെച്ച് ഇറങ്ങി പോയതായുമാണ് പരാതി.
വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് വരനും കുടുംബവും സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങിയത്. വരന് സ്വര്‍ണ്ണ മാലയും മോതിരവും, അമ്മയ്ക്ക് സ്വര്‍ണ്ണ കമ്മലുകളും വെള്ളി പാദസരങ്ങളും, കുടുംബാംഗങ്ങള്‍ക്ക് വിലകൂടിയ വസ്ത്രങ്ങളും സ്ത്രീധനത്തിന് പുറമേ ആവശ്യപ്പെട്ടന്നാണ് പരാതി. കുല്‍ദീപ് ഡല്‍ഹി പൊലീസില്‍ ജോലി ചെയ്യുന്നയാളാണെന്നും സ്ത്രീധനം ആവശ്യമില്ലാത്ത സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും വിവാഹം കൊണ്ടുവന്ന ഇടനിലക്കാര്‍ പറഞ്ഞതായും ആരോപണമുണ്ട്.
പക്ഷെ വിവാഹത്തിന് തൊട്ടുമുമ്പായി വരന് വലിയ കാര്‍ വേണമെന്ന് ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സുഭാഷ് ഏകദേശം 8-9 ലക്ഷം രൂപ വിലയുള്ള ഒരു ഹ്യുണ്ടായി ഓറ ബുക്ക് ചെയ്തു. എന്നിരുന്നാലും, വരന് തൃപ്തനല്ലായിരുന്നു. നവംബര്‍ 18 ന് ഇടനിലക്കാര്‍ വഴി ബ്രെസ്സയുടെ ആവശ്യം ആവര്‍ത്തിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A police officer in Delhi reportedly called off his wedding after the bride's family did not provide a car and gold jewellery as dowry.