ഇന്ത്യൻ വ്യോമസേനയുടെ റഫേൽ വിമാനങ്ങൾ 4 എണ്ണം കുറവെന്ന് റിപ്പോർട്ട്; കണക്കുകള്‍ തെറ്റെന്ന് മുൻ IAF ഉപ മേധാവി

ഏറ്റവും പുതിയ വേള്‍ഡ് എയര്‍ ഫോഴ്‌സ് ഡയറക്ടറിയില്‍ 32 വിമാനങ്ങള്‍ മാത്രമാണ് സജീവമായിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫ്രഞ്ച് നിര്‍മിത റഫേല്‍ യുദ്ധവിമാനങ്ങളില്‍ നാലെണ്ണം ഇന്ത്യന്‍ വ്യോമസേനയുടെ (IAF) സജീവ നിരയില്‍ ഇല്ലെന്ന ബ്രിട്ടീഷ് വ്യോമയാന മാസികയായ ഫ്‌ലൈറ്റ് ഗ്ലോബലിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, മാസികയുടെ ഏറ്റവും പുതിയ വേള്‍ഡ് എയര്‍ ഫോഴ്‌സ് ഡയറക്ടറിയില്‍ 32 വിമാനങ്ങള്‍ മാത്രമാണ് സജീവമായിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച മുന്‍ ഉപമേധാവി എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി (റിട്ട.) റിപ്പോര്‍ട്ടിലെ കണക്കുകള്‍ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ചു. കണക്കുകള്‍ക്ക് വ്യക്തമായ വിശദീകരണമോ തെളിവുകളോ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 35 റാഫേല്‍ വിമാനങ്ങളാണ് സജീവമായി രേഖപ്പെടുത്തിയിരുന്നത്.

റിപ്പോര്‍ട്ടിന്റെ ഉറവിടങ്ങള്‍ പുനഃപരിശോധിക്കണമെന്ന് തിവാരി ഫ്‌ലൈറ്റ് ഗ്ലോബലിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിനിടെ തകര്‍ന്നുവെന്ന് അവകാശപ്പെട്ട റാഫേല്‍ വിമാനങ്ങളുടെ പ്രത്യേക ടെയില്‍ നമ്പറുകള്‍ ഇതേ ഉറവിടങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നമ്പറുകളിലുള്ള വിമാനങ്ങള്‍ പിന്നീട് അന്താരാഷ്ട്ര അഭ്യാസങ്ങള്‍ ഉള്‍പ്പെടെ വിവിധ സൈനിക അഭ്യാസങ്ങളില്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ വനിതാ റാഫേല്‍ പൈലറ്റായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ് പാകിസ്താന്റെ പിടിയിലായെന്ന പ്രചാരണവും അദ്ദേഹം ഓര്‍മിപ്പിച്ചു. വ്യോമസേന നിഷേധിച്ച ഈ പ്രചാരണം തെറ്റാണെന്ന് പിന്നീട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം അംബാല വ്യോമതാവളത്തില്‍ ശിവാംഗി സിങ് പ്രത്യക്ഷപ്പെട്ടതോടെ വ്യക്തമായിരുന്നു.

യുകെ ആസ്ഥാനമായ വ്യോമയാന വിവര വിശകലന കമ്പനിയായ സിറിയത്തിന്റെ ഡാറ്റ ഉപയോഗിച്ചാണ് ഫ്‌ലൈറ്റ് ഗ്ലോബല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റാഫേല്‍ DH/EH വിഭാഗത്തില്‍ 32 വിമാനങ്ങളാണ് സജീവമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ വാങ്ങിയ 36 വിമാനങ്ങളില്‍ 28 എണ്ണം സിംഗിള്‍ സീറ്റുള്ള EH വിഭാഗത്തിലും എട്ടെണ്ണം ഇരട്ട സീറ്റുള്ള DH വിഭാഗത്തിലുമാണ്. പാകിസ്ഥാന്റെ സാബ് 2000 എറിയേയ് മുന്നറിയിപ്പ്, നിയന്ത്രണ വിമാനങ്ങളുടെ എണ്ണവും ഒന്‍പതില്‍ നിന്ന് ഏഴായി കുറച്ചിട്ടുണ്ട്. റാഫേല്‍ കണക്കുകളുടെ ഉറവിടത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അലന്‍ വാര്‍ണ്‍സ് എന്ന വ്യോമയാന എഴുത്തുകാരന്റെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയതെന്ന് TheLegateIN എന്ന എക്‌സ് അക്കൗണ്ട് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനിടെ BS-001, BS-021, BS-022, BS-027 എന്നീ നാല് റാഫേല്‍ വിമാനങ്ങള്‍ പാകിസ്താന്‍ തകര്‍ത്തുവെന്ന് വാര്‍ണ്‍സ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ BS-022 റാഫേല്‍ 2026ലെ റിപ്പബ്ലിക് ദിന വ്യോമാഭ്യാസത്തില്‍ പങ്കെടുത്തിരുന്നു.

ഓപ്പറേഷന്‍ സിന്ദൂരിനിടെ നാല് റാഫേല്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്റെ അവകാശവാദത്തിന് ഫ്‌ലൈറ്റ് ഗ്ലോബല്‍ റിപ്പോര്‍ട്ട് തെളിവാണെന്ന് പാകിസ്താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാകിസ്താന്‍ നേതാക്കള്‍ മൂന്ന്, നാല്, ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്നിങ്ങനെ വ്യത്യസ്ത കണക്കുകളാണ് നേരത്തെ പറഞ്ഞിരുന്നത്. വിമാനങ്ങളുടെ അവശിഷ്ടങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ പോലുള്ള സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല. 2025 മേയ് 7ന് പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ട സംഘര്‍ഷത്തിനിടെ ഭീകരകേന്ദ്രങ്ങളും പാകിസ്താനിലെ 11 സൈനിക കേന്ദ്രങ്ങളും ഇന്ത്യ ആക്രമിച്ചു. മേയ് 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. വിമാനങ്ങള്‍ നഷ്ടപ്പെട്ടതും തന്ത്രപരമായ പിഴവുകളും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചെങ്കിലും നാല് റാഫേല്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്റെ അവകാശവാദം തള്ളി. മുന്‍ വ്യോമസേനാ മേധാവി എ പി സിങ് ആറ് പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായും നിരവധി വിമാനങ്ങള്‍ക്ക് നിലത്തുവെച്ച് കേടുപാടുകള്‍ സംഭവിച്ചതായും പറഞ്ഞിരുന്നു.

ഫ്‌ലൈറ്റ് ഗ്ലോബലിന്റെ കണക്കുകളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതാണ് ഈ വര്‍ഷം ജൂണില്‍ വ്യോമസേന പുറത്തിറക്കിയ ടെന്‍ഡര്‍. 36 റാഫേല്‍ വിമാനങ്ങള്‍ക്കും താല്‍ക്കാലിക സാങ്കേതിക, ലോജിസ്റ്റിക് പിന്തുണ നല്‍കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. 'ബ്രിഡ്ജ് സപ്പോര്‍ട്ട്' എന്നത് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സാങ്കേതിക സഹായത്തിനുമുള്ള ഇടക്കാല കരാറാണ്. 36 വിമാനങ്ങളും ഉള്‍പ്പെടുത്തി പിന്തുണ തേടിയ ടെന്‍ഡര്‍, വിമാനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സില്‍ നിന്ന് 114 റാഫേല്‍ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള പദ്ധതിയും ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനിടെ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്.

Content Highlights: FlightGlobal's latest World Air Forces Directory reportedly lists only 32 of India's 36 Rafale fighter jets as active, raising questions over the status of four aircraft. Former IAF vice chief Air Marshal Narmadeshwar Tiwari (Retd.), who served during Operation Sindoor, dismissed the figures as baseless, stating that the report offered no clear explanation or supporting evidence. The previous edition had listed 35 Rafale jets as active.

To advertise here,contact us