എം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചു

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ വിജയം

ചെന്നൈ: കൊളത്തൂർ ടിവികെ എംഎൽഎ വിഎസ് ബാബു (75) അന്തരിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയായിരുന്നു ബാബു നിയമസഭയിൽ എത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിൻ്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നായിരുന്നു ബാബുവിൻ്റെ ജയം. 8795 വോട്ടുകൾക്കായിരുന്നു ബാബു വിജയിച്ചത്. ഡിഎംകെയിൽ ഏരിയ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പിന്നീട് പാർട്ടിയുടെ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയായി പുരസവാക്കം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 ലെ അതിർത്തി നിർണ്ണയ പ്രക്രിയയെത്തുടർന്ന്, പുരസവാക്കം മണ്ഡലം ഇല്ലാതായി. തുടർന്ന് അതിന് കീഴിലുള്ള പല പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂർ നിയമസഭാ മണ്ഡലത്തിൻ്റെ ഭാഗമായി. 2011 ലെ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ സ്റ്റാലിൻ്റെ വിജയത്തിൽ ഡിഎംകെയുടെ പ്രാദേശിക മുഖമായിരുന്ന ബാബു സുപ്രധാന പങ്ക് വഹിച്ചിരുന്നു.

2011 ന് ശേഷം, വി എസ് ബാബു കുറച്ചുകാലം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 2016 ൽ ഡിഎംകെ വിട്ട ബാബു എഐഎഡിഎംകെയിൽ ചേർന്നു. തുടർന്ന് 2026ൽ നിലവിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സാന്നിധ്യത്തിൽ ടിവികെയിലേക്കും ചേക്കേറി. തുടർന്നാണ് നിയമസഭയിലേക്ക് മത്സരിച്ച് അട്ടിമറി വിജയം നേടിയത്.

ബാബുവിൻ്റെ നിര്യാണത്തിൽ ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ, തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. 'കൊളത്തൂർ മണ്ഡലം എംഎൽഎ ശ്രീ വി എസ് ബാബുവിന്റെ മരണ വാർത്ത അതീവ ദുഃഖകരമാണ്. ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവരുന്നതിനിടയിൽ, പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ബാബുവിന്റെ വിയോഗത്തിൽ കുടുംബത്തിനും പാർട്ടി അംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നു.' എം കെ സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.

ബാബുവിൻ്റെ മരണത്തോടെ തമിഴ്‌നാട് നിയമസഭയിലെ ഒഴിവുകളുടെ എണ്ണം ആറായി ഉയർന്നു. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരുന്തുരൈ, അംബാസമുദ്രം, വിരാലിമല, കരൂർ നിയമസഭാ സീറ്റുകൾ ഇതിനകം ഒഴിഞ്ഞുകിടക്കുകയാണ്.

Content Highlights: TVK MLA VS Babu, who defeated DMK leader MK Stalin in the 2025 Kolathur Assembly election, has died at 75 following a heart attack.

To advertise here,contact us