യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ശക്തി തെളിയിക്കാന്‍ മായാവതിയും ചന്ദ്രശേഖര്‍ ആസാദും; ലഖ്നൗവില്‍ വന്‍ റാലികള്‍

ദളിത് വോട്ടര്‍മാര്‍ക്ക് പുറമെ ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും പിന്തുണ വര്‍ധിപ്പിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം

ലഖ്‌നൗ: 2027 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ശക്തി തെളിയിക്കാന്‍ ബിഎസ്പി അധ്യക്ഷ മായാവതിയും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദും. എഐഎംഐഎമ്മുമായി ചേര്‍ന്ന് സാമൂഹിക് പരിവര്‍ത്തന്‍ മോര്‍ച്ച (എസ്പിഎം) ചന്ദ്രശേഖര്‍ ആസാദ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുനേതാക്കളും ലഖ്നൗവില്‍ വെവ്വേറെ വന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. ദളിത് വോട്ടര്‍മാര്‍ക്ക് പുറമെ ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും പിന്തുണ വര്‍ധിപ്പിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം. നാഗിന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രശേഖര്‍ ആസാദ്, നവംബര്‍ 26 ഭരണഘടനാ ദിനത്തില്‍ രമാബായ് അംബേദ്കര്‍ റാലി ഗ്രൗണ്ടില്‍ ബഹുജന്‍ സ്വരാജ് സങ്കല്‍പ് മഹാറാലി നടത്തും. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വികസിപ്പിച്ച 51 ഏക്കര്‍ വിസ്തൃതിയുള്ള ഈ ഗ്രൗണ്ടില്‍ എട്ട് ലക്ഷം പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. 2014 ജനുവരി 15നാണ് മായാവതി അവസാനമായി ഇവിടെ റാലിയെ അഭിസംബോധന ചെയ്തത്.

റാലിയില്‍ പത്ത് ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ആസാദ് സമാജ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെയും ഭീം ആര്‍മി ഭാരവാഹികളുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും കുറഞ്ഞത് 20 ബസുകള്‍ വീതം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിനുകള്‍, ബസുകള്‍, കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിളുകള്‍ എന്നിവയിലായി പ്രവര്‍ത്തകരെ ലഖ്നൗവിലെത്തിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ കുമാര്‍ ചിറ്റോഡ് പറഞ്ഞു. ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെയാണ് റാലിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ പിഡിഎ (പിന്നാക്ക, ദളിത്, ന്യൂനപക്ഷ) രാഷ്ട്രീയത്തെ നേരിടാനും ആസാദിന്റെ സ്വാധീനം നാഗിന മണ്ഡലത്തിനപ്പുറം വ്യാപിപ്പിക്കാനും റാലി സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 403 നിയമസഭാ സീറ്റുകളില്‍ 87 ഇടങ്ങളിലേക്ക് പാര്‍ട്ടി താല്‍ക്കാലിക സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പിഎം സഖ്യം രൂപീകരിച്ചതോടെ ജാതി, സമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് ചില സീറ്റുകള്‍ എഐഎംഐഎമ്മുമായി കൈമാറാനും സാധ്യതയുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിഎസ്പിയും ഡിസംബര്‍ ആറിന് ലഖ്നൗവില്‍ വന്‍ പരിപാടി സംഘടിപ്പിക്കും. ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തില്‍ ദ്രാവിഡ ഭീംറാവു അംബേദ്കര്‍ സാമൂഹിക് പരിവര്‍ത്തന്‍ സ്ഥലിലാണ് 'ശ്രദ്ധാഞ്ജലി സുമന്‍ സമാരോഹ്' എന്ന പേരില്‍ പരിപാടി നടക്കുക. മായാവതി പ്രവര്‍ത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്യും. 101 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്മാരകത്തിന് രമാബായ് അംബേദ്കര്‍ റാലി ഗ്രൗണ്ടിന്റെ ഏകദേശം ഇരട്ടി ശേഷിയുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 80 ബസുകള്‍ വീതം ഏര്‍പ്പെടുത്താനാണ് ബിഎസ്പിയുടെ തീരുമാനം. ഓരോ ബസിന്റെയും യാത്രക്കാരെ ഏകോപിപ്പിക്കാന്‍ ആറ് ഭാരവാഹികളെ നിയോഗിക്കും. 403 മണ്ഡലങ്ങളില്‍ നിന്നായി ബസുകളില്‍ മാത്രം 16 ലക്ഷത്തിലധികം പേരെ എത്തിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇതിന് പുറമെ ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി പ്രവര്‍ത്തകരെത്തും. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും സാധുവായ ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് മായാവതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസത്തിനും ഭക്ഷണത്തിനും പാര്‍ട്ടി ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

യുപി നിയമസഭാ തെരഞ്ഞെടുപ്പിനായി നൂറിലധികം സ്ഥാനാര്‍ത്ഥികളെ ബിഎസ്പി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതത് മണ്ഡലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി കളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്. ബൂത്ത്, സെക്ടര്‍ തലങ്ങളില്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് സംസ്ഥാന ബിഎസ്പി അധ്യക്ഷന്‍ വിശ്വനാഥ് പാല്‍ പറഞ്ഞു. അംബേദ്കറെയും ബിഎസ്പിയെയും പിന്തുണയ്ക്കുന്ന എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 ഒക്ടോബര്‍ ഒമ്പതിന് ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലഖ്നൗവില്‍ നടന്ന പൊതുയോഗത്തില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. 2027ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് വോട്ടര്‍മാര്‍ക്കപ്പുറം പിന്തുണ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് മായാവതിയും ചന്ദ്രശേഖര്‍ ആസാദും. ഇരുവരുടെയും റാലികളിലെ ജനപങ്കാളിത്തം ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്വാധീനം തെളിയിക്കുന്നതിനുള്ള പ്രധാന പരീക്ഷണമായിരിക്കും.

Content Highlights: Ahead of the February 2027 Uttar Pradesh Assembly election, BSP chief Mayawati and Azad Samaj Party (Kanshi Ram) president Chandrashekhar Azad are preparing separate major rallies in Lucknow to demonstrate their political strength. Their efforts come after the formation of the Samajik Parivartan Morcha with AIMIM. Chandrashekhar Azad will hold the Bahujan Swaraj Sankalp Maharally at the Ramabai Ambedkar Rally Ground on November 26, Constitution Day, with AIMIM chief Asaduddin Owaisi also expected to attend. Both parties aim to expand their support among Dalits, OBCs and minority communities.

To advertise here,contact us