മദ്യപാനശീലം ഉപേക്ഷിക്കാന്‍ സഹായിക്കുമെന്ന പേരില്‍ നല്‍കിയ 'ഔഷധക്കൂട്ട്' കഴിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അഞ്ചുപേര്‍ക്ക് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിൽ മദ്യപാനശീലം ഉപേക്ഷിക്കാന്‍ സഹായിക്കുമെന്ന പേരില്‍ നല്‍കിയ 'ഔഷധക്കൂട്ട്' കഴിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ക്ക് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹ്ഗുഡ് സ്വദേശിയായ രാംകിഷോര്‍ ഝാഡെ, ഇംലി ധാന സ്വദേശിയായ സഞ്ജയ് ഉയികെ എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ബേത്തൂള്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ ചിചോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പഥഖേഡ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മദ്യപാനശീലം ഉപേക്ഷിക്കുന്നതിനായി ഇവര്‍ ഒരു വ്യാജ ചികിത്സകനെ സമീപിച്ചിരുന്നു. ഇയാള്‍ നല്‍കിയ ഔഷധക്കൂട്ട് കഴിച്ചതോടെയാണ് ഇവരുടെ ആരോഗ്യനില വഷളാകുന്നത്. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും, മുഖ്യപ്രതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രദേശത്ത് മദ്യപാനം ഉപേക്ഷിക്കാന്‍ സഹായിക്കുന്നതിനായി ചിലര്‍ ഈ മരുന്ന് നല്‍കിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചുവന്ന നിറത്തിലുള്ള ഒരു മിശ്രിതമാണ് ഈ മരുന്ന് എന്നാണ് വിവരം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായവരുടെ നില ഇപ്പോള്‍ തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഉടന്‍ തന്നെ ഇടപെടുകയും, കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്ന് ബെതുല്‍ അഡീഷണല്‍ എസ്പി കമലേഷ് ഖാര്‍പുസെ അറിയിച്ചു. മദ്യപാനം ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ഈ മിശ്രിതം വര്‍ഷങ്ങളായി ഗ്രാമീണര്‍ക്ക് നല്‍കിവരുന്നുണ്ടെന്ന് ഖാര്‍പുസെ പറഞ്ഞു. ചില മരങ്ങളുടെ തൊലി ഉപയോഗിച്ച് തയ്യാറാക്കിയ ആയുര്‍വേദ മരുന്നാണിതെന്നാണ് പറയപ്പെടുന്നത്.

അതേസമയം, മദ്യപാനം നിര്‍ത്താന്‍ സഹായം തേടി ഏകദേശം 20-25 ഓളം പേര്‍ അവിടെ എത്തിയിരുന്നുവെന്ന് സംഭവത്തില്‍ അതിജീവിച്ച ഒരാള്‍ പറഞ്ഞു. മരുന്ന് കഴിച്ച അഞ്ച് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ തനിക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മദ്യപാനശീലം ഉപേക്ഷിക്കാനാണ് ഞങ്ങള്‍ പാഠഖേഡയില്‍ പോയത്. 'ബാബ'യാണ് ഞങ്ങള്‍ക്ക് മരുന്ന് നല്‍കിയത്. അത് കഴിച്ച അഞ്ച് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ എനിക്ക് ശക്തമായ ഛര്‍ദ്ദി ഉണ്ടായി. തുടര്‍ന്ന് തലകറക്കം അനുഭവപ്പെടുകയും, എനിക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. ഏകദേശം 20-25 ഓളം പേര്‍ അവിടെ പോയിരുന്നു. ഇതില്‍ രണ്ടുപേര്‍ മരിച്ചു.' എന്നാണ് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞത്.

Content Highlights: Two men lost their lives and five others were hospitalised after consuming a medicinal mixture allegedly provided by an unlicensed practitioner to help them stop drinking alcohol in Betul district, Madhya Pradesh. The incident occurred in Pathakheda village under Chicholi police station limits on Wednesday. Police have registered a case and arrested three people, including the main accused.

To advertise here,contact us