ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ മുദ്രാവാക്യവും നാല് ഇന കർമപദ്ധതിയുമായി ബിജെപി. മഥുരയിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിലാണ് 'രാധേ രാധേ, കമൽ ഖിലാ ദേ' (രാധേ രാധേ, താമര വിരിയിക്കൂ) എന്ന പുതിയ പ്രചാരണ മുദ്രാവാക്യം പാർട്ടി അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി, ബൂത്ത് തലത്തിലുള്ള യുവജന പങ്കാളിത്തം, മികച്ച ഭരണം, വനിതാ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ കർമ്മ പദ്ധതികളാക്കാനാണ് ബിജെപിയുടെ തീരുമാനം. 2027ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്ര പ്രസ്ഥാനത്തിൽനിന്ന് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തിലേക്ക് പാർട്ടിയുടെ രാഷ്ട്രീയ മുൻഗണന മാറ്റുന്നതിന്റെ സൂചനകളും യോഗത്തിലുണ്ടായി.
ചർച്ചകൾക്കുശേഷം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നടത്തിയ പരാമർശം ഇതിൻ്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.. അയോധ്യ എന്ന ലക്ഷ്യം കൈവരിച്ചു, ഇനി മഥുരയുടെ ഊഴമാണ് എന്നായിരുന്നു മൗര്യയുടെ പ്രതികരണം. ശ്രീകൃഷ്ണനോട് യഥാർഥ ഭക്തിയുണ്ടെങ്കിൽ മഥുരയിലെത്തി 'കാർസേവകനായി' മഹാക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കാൻ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും അദ്ദേഹം വെല്ലുവിളിച്ചു.
സമാജ്വാദി പാർട്ടിയുടെ പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ (PDA) എന്നിവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ബിജെപിയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃഷ്ണജന്മഭൂമി വിഷയത്തിൽ രാഷ്ട്രീയ-മത നേതാക്കൾ നടത്തുന്ന അവകാശവാദങ്ങളെ മറികടക്കാനും മഥുര-വൃന്ദാവൻ മേഖലയിൽ സാംസ്കാരികവും വികസനപരവുമായ വിഷയങ്ങളിലൂടെ സാമൂഹിക അടിത്തറ വിപുലീകരിക്കാനുമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും ദുർബലമായ ബൂത്തുകൾ കണ്ടെത്തുക, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുക, സഖ്യകക്ഷികളുമായുള്ള ഏകോപനം ശക്തമാക്കുക, ഭരണവിരുദ്ധ വികാരം മറികടക്കാൻ യുവാക്കളും പുതുമുഖങ്ങളുമായ സ്ഥാനാർഥികളെ രംഗത്തിറക്കുക എന്നിവയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായി വിലയിരുത്തപ്പെടുന്നത്.
സമാപന സമ്മേളനത്തിൽ സംസാരിച്ച നിതിൻ നബീൻ, ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ എല്ലാ കുടുംബങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാനും പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട എൻജിൻ സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടർച്ചയായ മൂന്നാം തവണയും നിയമസഭാ വിജയം നേടാൻ സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെയും നേട്ടങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. ജനങ്ങൾക്കിടയിലെ ബിജെപിയുടെ സ്വീകാര്യതയാണ് പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മുദ്രാവാക്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ യോഗത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി പറഞ്ഞു. സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, ആസാദ് സമാജ് പാർട്ടി, എഐഎംഐഎം എന്നീ പാർട്ടികൾക്ക് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് 2.5 കോടിയിലധികം അംഗങ്ങളും രണ്ട് ലക്ഷത്തിലധികം സജീവ പ്രവർത്തകരുമുള്ള ബിജെപി, 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും പങ്കജ് ചൗധരി പറഞ്ഞു.
മഥുരയിലെ പാർക്ക്ഹം ഗ്രാമത്തിലുള്ള പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ഗോ ഗവേഷണ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷ്, ഉത്തർപ്രദേശിന്റെ ചുമതലയുള്ള വിനോദ് താവ്ഡെ എന്നിവരടക്കം 54 മുതിർന്ന നേതാക്കൾ പങ്കെടുത്തു. യോഗത്തിന്റെ അവസാനദിവസം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ചർച്ചകളിൽ പങ്കുചേർന്നു. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെയും മുൻ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അശോക് സിംഗാളിന്റെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം യോഗത്തിനെത്തിയത്.
Content Highlights: BJP introduces its new election slogan, 'Radhe Radhe, Kamal Khilao', as part of its campaign strategy for the upcoming Uttar Pradesh Assembly elections