നിര്‍ണായക വിവരങ്ങള്‍ ചൈനീസ് ഏജന്റുമാര്‍ക്ക് കൈമാറി; സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ്

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ച ശേഷമാണ് കേസെടുത്തത്

ശ്രീനഗര്‍: ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്ത് ജമ്മു കശ്മീര്‍ പൊലീസ്. വിദ്യാഭ്യാസ വിദഗ്ധരെന്ന വ്യാജേന സമീപിച്ച ഏജന്റുമാരെ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. തെലങ്കാന സ്വദേശിനിയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ നിലവില്‍ ജമ്മുവിലാണ് താമസിക്കുന്നത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ച ശേഷമാണ് കേസെടുത്തത്.

ഇവരിൽ നിന്നും ആദ്യഘട്ടത്തിൽ പരിസ്ഥിതി, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഏജന്റുമാര്‍ ലേഖനങ്ങള്‍ വാങ്ങിയത്. പിന്നീട് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവരില്‍ നിന്നും സഹായം തേടി. ഏജന്റുമാരാണ് ഇതെന്ന് സൈനികന്റെ ഭാര്യ തിരിച്ചറിയാത്തതിനാല്‍ വിവരങ്ങള്‍ കൈമാറുകയാണ് ഉണ്ടായത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതും കൈമാറുന്നതും ഔദ്യോഗിക രഹസ്യ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് കുറ്റകരമാണ്. സംരക്ഷിക്കപ്പെടേണ്ട വിവരങ്ങളുടെ അനധികൃതമായ കൈമാറ്റവും സൂക്ഷിക്കലും സംബന്ധിച്ച് അഞ്ചാം വകുപ്പിലും പറയുന്നുണ്ട്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3,5 വകുപ്പും ഭാരതീയ ന്യായസംഹിതയിലെ 152, 61(2) വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: A case has been registered against the wife of a military officer over allegations that she shared crucial information with Chinese agents

To advertise here,contact us