'അങ്കിതയ്ക്ക് നീതി ലഭിക്കണം'; ഡൽഹിയിൽ കത്തിച്ച മെഴുകുതിരിയുമായി കോൺഗ്രസ് സേവാദൾ പ്രവർത്തകരുടെ മാർച്ച്

ദുഷ്യന്തിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി അങ്കിതയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു

ന്യൂഡല്‍ഹി: 2022ല്‍ ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മെഴുകുതിരി മാര്‍ച്ച് നടത്തി. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷ്പക്ഷമായി പരിശോധിക്കണമെന്നും രാഷ്ട്രീയ ഇടപെടലുകളില്ലാതെ സുതാര്യവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് സേവാദള്‍ ആവശ്യപ്പെട്ടു.

അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ദുഷ്യന്ത് കുമാര്‍ ഗൗതമിനെതിരെ ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ ദുഷ്യന്തിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി അങ്കിതയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെതിരായ ആരോപണങ്ങളില്‍ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സേവാദള്‍ അധ്യക്ഷന്‍ ശ്രീനിവാസ് ബി വി ആവശ്യപ്പെട്ടു. സിക്കിം ഗവര്‍ണറായി അദ്ദേഹത്തെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരാമര്‍ശിച്ച ശ്രീനിവാസ്, അങ്കിതയ്ക്ക് നീതി ലഭിക്കണമെന്നും കുടുംബത്തിന് ഉത്തരങ്ങള്‍ ലഭിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങളും ആരോപണങ്ങളും അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഇന്ത്യാ ഗേറ്റിന് സമീപം ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചതിനെതിരെ പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

ഋഷികേശിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത 2022 സെപ്റ്റംബര്‍ 18നാണ് കൊല്ലപ്പെട്ടത്. നാല് ദിവസത്തിന് ശേഷം കനാലില്‍നിന്ന് മൃതദേഹം കണ്ടെത്തി. റിസോര്‍ട്ട് ഉടമയും മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുല്‍കിത് ആര്യയെയും രണ്ട് കൂട്ടുപ്രതികളെയും കേസില്‍ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൃത്യത്തില്‍ ഒരു അജ്ഞാത വിഐപിക്ക് പങ്കുണ്ടെന്ന ആരോപണമാണ് കേസ് രാഷ്ട്രീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. വിഐപി ബന്ധം സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് അങ്കിതയുടെ കുടുംബവും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ദുഷ്യന്ത് ഗൗതമിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കെ ക്രിമിനല്‍ നടപടികള്‍ നേരിടുന്നതില്‍നിന്നുള്ള പരിരക്ഷ ലഭിക്കുന്നതിനാല്‍ ഗൗതമിനെ നിയമിച്ചത് അദ്ദേഹത്തെ സംരക്ഷിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Content Highlights: Congress Seva Dal holds a candle march in Delhi demanding justice for Ankita Bhandari, calling for an impartial probe into the allegations and accountability in the case.

To advertise here,contact us