ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ് എസിപിക്ക് സ്ഥാനക്കയറ്റം. ഡല്‍ഹി എസിപി വിവേക് ഭഗതിന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (അഡീഷണല്‍ ഡിസിപി) പദവിയിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. വിവേക് ഭഗതിനെ കൂടാതെ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചു. ഇത് നേരത്തെ നിര്‍ദേശം നല്‍കിയിരുന്ന സ്ഥാനക്കയറ്റ നടപടിയാണെന്നാണ് സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. പരാതികള്‍ വിശദമായ അന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് ഞായറാഴ്ച അറിയിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്ഥലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസിപി വിവേക് ഭഗത് ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
വനിതാ മാധ്യമ പ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ട് നിരവധി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ആരോപണവിധേയനായ എസിപി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യം. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Content Highlights: Delhi Police ACP Vivek Bhagat, who faces a sexual harassment allegation from a female journalist during an anti-EC protest, has been promoted to Additional DCP, while the complaints have been transferred to the Crime Branch for investigation