ലഖ്നൗ: കൗശാംബിയിലെ പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഉടമയെ ഏറ്റുമുട്ടലിലൂടെ പിടികൂടി യു പി പൊലീസ്. ഉടമ നൗഷാദിന്റെ കാലില്‍ പൊലീസ് വെടിവെച്ചാണ് പിടികൂടിയത്. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ നൗഷാദ് പൊലീസിന് നേരെ വെടിവെച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതോടൊപ്പം തന്നെ പടക്കനിര്‍മാണ ശാല നടത്തിപ്പുകാരന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.
ഇന്നലെ ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 8 കുട്ടികള്‍ അടക്കം 11 പേരാണ് ഇതുവരെ മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പിപ്രി പൊലീസ് സ്റ്റേഷന് പരിധിയിലെ മനോരി ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. കൃഷിയിടത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റ 11 പേരെ പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അമിത് പാല് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര് അതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറിക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഫാക്ടറിയോട് ചേര്‍ന്നുള്ള അഞ്ച് വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചിരുന്നു. സ്ഫോടനത്തില്‍ പ്രദേശത്തെ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി പോസ്റ്റിനും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Content Highlights: Police in Uttar Pradesh arrested the owner of a firecracker manufacturing unit through an encounter following an explosion at the factory.