ഓർഡർ ചെയ്തത് 10 ഇഞ്ച് പിസ, ലഭിച്ചത് 7 ഇഞ്ചിന്റേത്; പരാതിക്കാരന് 10,520 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധി

പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത പിസയെക്കാള്‍ മൂന്ന് ഇഞ്ച് കുറഞ്ഞതാണ് ഡെലിവറി ചെയ്തതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു

ഡെറാഡൂണ്‍: പത്ത് ഇഞ്ച് നീളമുള്ള പിസ ഓര്‍ഡര്‍ ചെയ്ത് ഉപയോക്താവിന് ഏഴ് ഇഞ്ച് മാത്രം നീളമുള്ള പിസ നല്‍കിയ ഫുഡ് ഡെലിവറി ആപ്പിനും കഫേയ്ക്കും പിഴ. ഉത്തരാഖണ്ഡിലെ ഉപഭോക്തൃ കമ്മീഷനാണ് പിഴ വിധിച്ചത്. ഇരുകക്ഷികളും ചേര്‍ന്ന് 10,520 രൂപ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരിദ്വാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. കമ്മീഷന്‍ പ്രസിഡന്റ് ഗഗന്‍ കുമാര്‍ ഗുപ്തയും അംഗങ്ങളായ ഡോ അമരേഷ് റാവത്ത്, രഞ്ചന ഗോയല്‍ എന്നിവരാണ് പരാതി പരിഗണിച്ചത്. പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത പിസയെക്കാള്‍ മൂന്ന് ഇഞ്ച് കുറഞ്ഞതാണ് ഡെലിവറി ചെയ്തതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന് പരാതിക്കാരന് നേരിടേണ്ടി വന്നത് അനീതിപരായ വ്യാപാര രീതിയും മോശം സേവനവുമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ജവാല്‍പൂര്‍ സ്വദേശിയായ രാജ് ട്രേഹനാണ് പരാതിക്കാരന്‍. 2020 മാര്‍ച്ചില്‍ തപോവനിലെ കഫേ ഫോസ്റ്റ് ഫാക്ടറിയില്‍ നിന്നാണ് രാജ് 505 രൂപയ്ക്ക് പിസ ഓര്‍ഡര്‍ ചെയ്തത്. M/s Bundle Technologies Pvt Ltd(സ്വിഗ്ഗി)ലൂടെയായിരുന്നു പിസ വാങ്ങിയത്. ഡെലിവറിയില്‍ പിഴവ് വന്നെന്ന് തിരിച്ചറിഞ്ഞിട്ടും എതിര്‍കക്ഷികള്‍ റീഫണ്ടിന് തയ്യാറാവാത്തതിനാലാണ് രാജ് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ വഴി പരാതി നല്‍കിയത്. നഷ്ടപരിഹാര തുകയില്‍ 505 രൂപ പിസയുടെ വിലയും 15 രൂപ ഡെലിവറി ചാര്‍ജുമാണ്. മാനസികവും ശാരീരികവുമായ ഉപദ്രവത്തിന് അയ്യായിരം രൂപ, നിയമനടപടിക്ക് ചെലവായ തുകയായി 5000 രൂപയും അടക്കമാണ് പരാതിക്കാരന് എതിര്‍കക്ഷികള്‍ നല്‍കേണ്ടത്.

അതേസമയം കഫേയ്ക്ക് ഉപയോക്താവിനും ഇടയിലുള്ള ഒരു ഇടനിലക്കാരന്‍ മാത്രമാണ് തങ്ങള്‍ എന്നായിരുന്നു ഫുഡ് ഡെലിവറി ആപ്പിന്റെ വാദം. എന്നാല്‍ ഈ വാദം കമ്മീഷന്‍ തള്ളി. വിധി വന്ന് 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം പരാതിക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം. നിശ്ചിത സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം പരാതിക്കാരന് ലഭിച്ചില്ലെങ്കില്‍ പ്രതിവര്‍ഷം 10 ശതമാനം എന്ന നിരക്കില്‍ പലിശ നല്‍കാനും എതിര്‍കക്ഷികള്‍ ബാധ്യസ്ഥരായിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

Content Highlights: A customer ordered a 10 inch pizza but received a 7 inch pizza instead. Following a complaint over the size discrepancy, the customer was awarded Rs 10,520 as compensation.

To advertise here,contact us