'ഇത് ചരിത്ര നിമിഷം, വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ തിരിച്ചുകൊണ്ട് വന്നു': പ്രിയങ്ക ഗാന്ധി

ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് എന്നും പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇത് ചരിത്രത്തിലെ നിര്‍ണായക നിമിഷമാണെന്നും എല്ലാ ഭരണ കര്‍ത്താക്കള്‍ക്കുമുള്ള പാഠമെന്ന് പറഞ്ഞു കൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ തിരിച്ചുകൊണ്ടുവന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. സമരത്തില്‍ വലിയ അക്രമങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്.ഞാനിന്ന് സന്തോഷവതിയാണ്. എന്റെ സഹോദരനടക്കം വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് പോരാടി. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ പിന്നോട്ടു പോയില്ല. ഇത് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിജയമാണ'; പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.

ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചെന്നും യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നുമാണ് ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും പ്രതികരിച്ചു.

ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിതെന്നായിരുന്നു സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ പറഞ്ഞത്. ദില്ലി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.

Content Highlights: Priyanka Gandhi has reacted to the resignation of Union Minister Dharmendra Pradhan, calling for accountability over the issues raised against him.

To advertise here,contact us