ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി; നരേഷ് പാൽ ഗംഗ്യാറിന് പുതിയ ചുമതല

അതേസമയം നീറ്റ് ‌പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് സിജെപിയും വിദ്യാർഥികളും നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ ഉന്നതതല ഉദ്യോഗസ്ഥ പുനഃക്രമീകരണം നടന്നിരിക്കുന്നത്

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥി സമരം ശക്തമാകവെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ​ഗം​ഗ്യാറിനെയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടേതാണ് തീരുമാനം. നിയമനത്തിൽ വരുത്തിയ ഈ മാറ്റത്തിന് പ്രത്യേക കാരണം സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

എൻജിനീയറിങ് പശ്ചാത്തലമുള്ള നരേഷ് പാൽ ഗംഗ്വാർ, റൂർക്കി സർവകലാശാലയിൽ നിന്ന് ഇലക്‌ട്രോണിക്‌സ്‌ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്, ഐഐടി ഡൽഹിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ എം.ടെക്, രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം എയും പൂ‍ർത്തിയാക്കിയിട്ടുണ്ട്.

രാജസ്ഥാൻ സർക്കാരിലും കേന്ദ്ര സർക്കാരിലും നിരവധി സുപ്രധാന ചുമതലകൾ ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം വഹിച്ചിട്ടുണ്ട്. രാജസ്ഥാൻ സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും, കേന്ദ്ര പരിസ്ഥിതി, വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, മലിനീകരണ നിയന്ത്രണവും അപകടകരമായ രാസവസ്തുക്കളുടെ മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു.

അതേസമയം നീറ്റ് ‌പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് സിജെപിയും വിദ്യാർഥികളും നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ ഉന്നതതല ഉദ്യോഗസ്ഥ പുനഃക്രമീകരണം നടന്നിരിക്കുന്നത്. പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നത്.

Content Highlights: The Indian government has appointed Naresh Pal Gangwar as the new Secretary of the Department of Higher Education under the Ministry of Education. Vineet Joshi has been transferred as Secretary of the Department of Panchayati Raj following a senior bureaucratic reshuffle.

To advertise here,contact us