ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര് വാതകവും പ്രയോഗിച്ചു.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. നൂറുകണക്കിന് യുവാക്കളാണ് ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് എത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സിജെപിക്കുള്ള പിന്തുണയും വര്‍ധിച്ചു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ ഡല്‍ഹി പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. സിജെപി നേതാക്കളെ ജെപി നദ്ദ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നദ്ദയുടെ വസതിയില്‍ ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് സിജെപി മറുപടി നല്‍കിയത്. ജന്തര്‍ മന്തറിലോ നിഷ്പക്ഷ വേദിയിലോ ചര്‍ച്ച വേണമെന്നാണ് ആവശ്യം.
വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍, ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കും മോദിയുടെ മാപ്പിനും ശേഷം വിദ്യാഭ്യാസ സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും ആവശ്യപ്പെട്ടു. സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. അതേസമയം രാഹുലിന്റെ വാദങ്ങള്‍ തള്ളി ജെ പി നദ്ദ രംഗത്തെത്തി. 150 ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും ആരോപണം സര്‍ക്കാര്‍ അന്വേഷിച്ച് സത്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ നദ്ദ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരം രാഷ്ട്രീയവത്കരിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും നദ്ദ പറഞ്ഞു.
വിദ്യാര്‍ഥി സമരത്തിന് കേരളത്തിലും പിന്തുണയേറുകയാണ്. പലയിടങ്ങളിലും ഐക്യദാര്‍ഢ്യ സദസുകള്‍ നടന്നു. മഹാരാജാസ് കോളജില്‍ നടന്ന പരിപാടിയില്‍ സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. എറണാകുളത്ത് നടന്ന മറ്റൊരു പരിപാടിയില്‍ റാപ്പര്‍ വേടനും പങ്കെടുത്തിരുന്നു. സിജെപി പ്രക്ഷോഭത്തെ പിന്തുണച്ചതിന് വിസ്മയ മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ അധിക്ഷേപമാണ് നടക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി അധിക്ഷേപ കമന്റുകളാണ് വരുന്നത്. സമരത്തെ പിന്തുണച്ചതിന് നടന് ടൊവീനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധവുമുണ്ടായി.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്തും വ്യാപമായ പ്രതിഷേധമുണ്ടായി. വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പലയിടത്തും സംഘര്‍ഷം ഉണ്ടായി. കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് പൂട്ടിയിട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാഹുലിനെതിരായ പൊലീസ് നടപടി അപലപനീയമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രതികരിച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിച്ച് ബിജെപി തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ദമായി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് ശേഷം മതി ചര്‍ച്ചയെന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഇതിനിടെ വനിത അംഗങ്ങളോട് മോശമായി പെരുമാറി എന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്ല്യാണ്‍ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം സിജെപി പാര്‍ലമെന്റ് മാര്‍ച്ചിലെ പൊലീസ് അതിക്രമം ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചതും വാര്‍ത്തയായി. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഹര്ജിക്കാരന് സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ കാണാന്‍ സമയമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുത് എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
പൊലീസ് നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതിക്രമവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാനും പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
Content Highlights: Fresh clashes were reported near the CJP protest venue as youths and police confronted each other during the ongoing agitation.