ഹൈദരാബാദ്: ക്ഷേത്രത്തില്‍ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്വെയര് എന്‍ജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങള്‍ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നു. പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (ഡിആര്‍എഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തില്‍ പരിശോധന നടത്തുകയുമായിരുന്നു. അപ്പോഴും വിഗ്രഹം കണ്ടെത്താന്‍ സാധിച്ചില്ല.
തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു ലക്ഷം രൂപ വാടക നല്കി ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഫ്ളാറ്റിന്റെ മുകളിലെ രണ്ട് നിലകള്‍ ലോഡ്ജ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും ഫോറന്‍സിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
Content Highlights-A tech professional died after entering a temple unclothed, removing an idol, and jumping into the temple pond