ബെംഗളൂരു: ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 18--ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി കെ ശിവകുമാർ കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിൾഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചതും. തുടർന്ന് ചേർന്ന സിഎൽപി യോഗം ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. സിദ്ധരാമയ്യയായിരുന്നു ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വര സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ പിന്താങ്ങുകയായിരുന്നു. എട്ടുതവണ എംഎൽഎയായ ശിവകുമാർ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.
മുതിർന്ന നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്ത്രമന്ത്രിയായിരുന്നു ജി പരമേശ്വര. സിദ്ധരാമയ്യയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ജി പരമേശ്വര ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വന്നത്. കെ എച്ച് മുനിയപ്പ, എം ബി പാട്ടീൽ, യു ടി ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ, കെ ജെ ജോർജ്, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, കൃഷ്ണ ബൈരഗൗഡ, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖന്ദ്രെ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവർ അടക്കം പതിനാല് അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. യു ടി ഖാദർ, കെ ജെ ജോർജ്ജും അടക്കം രണ്ട് മലയാളികളും മന്ത്രിസഭയിൽ ഇടം നേടി.
മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സ്ഥാനം കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താൽപ്പര്യമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം സ്വന്തം വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിൽ വെച്ച് സിദ്ധരാമയ്യ തന്നെയാണ് സഹപ്രവർത്തകരായ മന്ത്രിമാരെ ആറിയിച്ചത്. 'കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചിരിക്കുകയാണ്. അതിനോട് ഞാനും യോജിക്കുന്നു.' - എന്നാണ് സര്‍ക്കാരിന്റെ ഭാഗമായ മുതിര്‍ന്ന അംഗങ്ങളുമായുള്ള പ്രഭാതഭക്ഷണ യോഗത്തിന് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.
Content Highlights: DK Shivakumar was sworn in as the new Chief Minister of Karnataka on June 3, 2026, at Lok Bhavan in Bengaluru. This marks the beginning of the 'DK Era' in Karnataka politics following the resignation of Siddaramaiah. Know the latest updates on the cabinet and political transition.