TVK സര്‍ക്കാർ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ല, DMKയുടെ കാരുണ്യത്തിലാണ് അവർ മുന്നോട്ടുപോകുന്നത്; M K സ്റ്റാലിൻ

ടിവികെയ്ക്ക് സ്വന്തമായി 118 സീറ്റുകളുടെ ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ലെന്നും സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് അവര്‍ മുന്നോട്ടുപോവുന്നതെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു.

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല. മറിച്ച് ഒരു 'സിനിമാ സുനാമി'യാണെന്ന് സ്റ്റാലിൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്താണ് സ്റ്റാലിൻ്റെ പ്രതികരണം. രാഷ്ട്രീയ ബോധ്യത്തേക്കാൾ ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടർമാർ വിജയിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട നടൻ ഒരു പാർട്ടി ആരംഭിച്ചതിനാൽ ആളുകൾ ആവേശത്തോടെ വോട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ കളിപ്പാട്ടത്തോടുള്ള താൽപര്യം അവർക്ക് നഷ്ടപ്പെടും. ഒരു കുട്ടി അമ്മയെ തിരയുന്ന പോലെ വോട്ടർമാർ ഒടുവിൽ ഡിഎംകെയെ വീണ്ടും തിരയുമെന്ന് സ്റ്റാലിൻ പറഞ്ഞു.

ടിവികെയ്ക്ക് സ്വന്തമായി 118 സീറ്റുകളുടെ ഭൂരിപക്ഷം മറികടക്കാൻ കഴിഞ്ഞില്ല. ഇന്ന് നമ്മുടെ കാരുണ്യം കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും ഏത് ദിവസവും അത് വീഴാമെന്നും സ്റ്റാലിൻ പറഞ്ഞു. എഐഎഡിഎംകെയെ പിളർത്താൻ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെട്ടു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

Content Highlight : Former Tamil Nadu Chief Minister and DMK leader M. K. Stalin launched a sharp criticism against Tamil Nadu Chief Minister Vijay and the TVK government.

To advertise here,contact us