സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതിൽ തർക്കം; യുവതിയെ തീകൊളുത്തി ഭർത്താവ്

നൈറ്റ് ഡ്രസിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തീകൊളുത്തുമെന്ന് പലതവണ കൃഷ്ണ ഭീഷണി മുഴക്കിയിരുന്നു

ബെംഗളുരു: വസ്ത്രധാരണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ തീകൊളുത്തി ഭർത്താവ്. കർണാടകയിലെ ബെലഗാവിലുള്ള ഖാനാപുരിലാണ് സംഭവം. മഞ്ജുള പാട്ടീലെന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ഭർത്താവ് കൃഷ്ണ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ജുള സാരിക്ക് പകരം നൈറ്റ് ഡ്രസ് ധരിച്ചതാണ് കൃഷ്ണയെ പ്രകോപിപ്പിച്ചത്. ഏപ്രിൽ 19നാണ് സംഭവം.

നൈറ്റ് ഡ്രസിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തീകൊളുത്തുമെന്ന് പലതവണ കൃഷ്ണ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ മഞ്ജുള വസ്ത്രം മാറ്റാൻ വിസമ്മതിച്ചു. തുടർന്നാണ് തീ കൊളുത്തിയത്.

ശരീരത്തിൽ 80ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബെലഗാവി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി.

എട്ട് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് അഞ്ചു വയസുള്ള മകളും മൂന്ന് വയസുള്ള മകനുമുണ്ട്. കൃഷ്ണയും കുടുംബവും മഞ്ജുളയെ ശാരീരികവും മാനസികവുമായ പീഡിപ്പിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡയിൽ വിട്ടതായി പൊലീസ് അറിയിച്ചു.

Content highlights: A woman in Karnataka was set on fire by her husband after a dispute over her wearing a night dress instead of a saree

To advertise here,contact us