ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ഡോക്ടർ കാറിൽ സജ്ജീകരിച്ചിരുന്ന സംവിധാനം കണ്ട് അമ്പരന്ന് പൊലീസ്. ഹൈരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് ശനിയാഴ്ച അർധരാത്രിയിൽ ഗൗതം റെഡ്ഡി എന്ന 40കാരനെ പിടികൂടിയത്. ഇയാൾ ഗാന്ധിനഗർ സ്വദേശിയാണ്.
ബിഎംഡബ്ല്യു കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സംവിധാനമാണ് ഇയാൾ സജ്ജീകരിച്ചിരുന്നത്. കാർ പരിശോധിച്ചപ്പോൾ മുൻവശത്തെ നമ്പർ പ്ലേറ്റിലെ നമ്പരും പിന്നിലേതും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയതാണ് വഴിത്തിരിവായത്.
ജൂബിലി ഹിൽസ് ഏരിയയിലെ ചിരഞ്ജീവി ബ്ലഡ് ബാങ്കിന് സമീപം പരിശോധന നടത്തുമ്പോഴാണ് പൊലീസ് ബിഎംഡബ്ല്യു കാർ തടഞ്ഞ് നിർത്തിയത്. തുടർന്ന് ബ്രീത്ത് അനാലിസർ ഉപയോഗിച്ച് ഡോക്ടറെ പരിശോധിച്ചപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോൾ മുന്നിലുള്ള നമ്പർ പ്ലേറ്റിൽ ഡൽഹി രജിസ്ട്രേഷൻ നമ്പറും പിന്നിലുള്ളത് തെലങ്കാന രജിസ്ട്രേഷൻ നമ്പറുമാണെന്ന് മനസിലാക്കി.
പൊലീസ് വാഹന രജിസ്ട്രേഷൻ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ പക്കൽ ഇല്ലായിരുന്നു. സ്റ്റീയറിംങ് വീലിന് സമീപത്തായാണ് ഇയാൾ ബട്ടൻ സംവിധാനം സജ്ജീകരിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ താനൊരു തമാശയ്ക്കാണ് ഇത് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം.
വാഹനം പിടിച്ചെടുത്ത പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് അടക്കം ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പിന്നാലെ ചോദ്യം ചെയ്യലിന് എപ്പോൾ വേണമെങ്കിലും ഹാജരാകണം എന്ന ഉപാധിയിൽ ഇയാളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലാണ് വാഹനം രജിസ്ട്രർ ചെയ്തതെന്ന് മനസിലായി. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഇയാളുടെ കുടുംബത്തിലെ തന്നെ മറ്റൊരു വാഹനത്തിന്റേതാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: A doctor was arrested in Hyderabad after police discovered a button-operated system in his BMW that could switch number plates