തിരുപ്പതി: ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്ത് തിരുപ്പതി പൊലീസ്. ആന്ധ്രപ്രദേശ്,കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി കൊലപാതകം നടത്തിയ നാല്‍പ്പത്തിയഞ്ചുകാരനാണ് പൊലീസ് പിടിയിലായത്.
പി വിശ്വനാഥനെന്ന പേരില്‍ അറിയപ്പെടുന്ന കൊലപാതകിക്ക് ആറ് കൊലപാതക കേസുകളടക്കം 21 കേസുകളില്‍ പങ്കുണ്ടെന്ന് എസ്ഐടി അഡീഷണല്‍ എസ്പി എ ശ്രീനിവാസലു പറഞ്ഞു. പ്രശാന്ത്, അജിത്ത്,അജ്ജി,അബ്ദുല്‍ എന്ന പേരുകളില്‍ വിശ്വനാഥന് പ്രത്യക്ഷപ്പെട്ടു. ഈ പേരുകളില്‍ വ്യാജ ആധാര്‍ കാര്‍ഡുകളും കൈക്കലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2018ലെ ഒരു കൊലപാത കേസോടെയാണ് വിശ്വനാഥന് ആദ്യമായി സംശയദൃഷ്ടിയിലാവുന്നതെന്ന് തിരുപ്പതി എസ്പി എല്‍ സുബ്ബരായഡു പറഞ്ഞു. അതേ വര്‍ഷം തന്നെ ഒരു കവര്‍ച്ച ശ്രമത്തിനിടെയുള്ള കൊലപാതക കേസില്‍ കേരള പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കേരള പൊലീസ് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് വിശ്വനാഥന് ആന്ധ്രപ്രദേശിലേക്ക് കടന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചായിരുന്നു കവര്‍ച്ചകള്‍ നടത്തിയിരുന്നത്. വിശ്വനാഥനെ ഒളിവില്‍ കഴിയാന്‍ സഹായിക്കാനും കവര്‍ച്ചകളും മറ്റ് കുറ്റകൃത്യങ്ങളും ചെയ്യാന്‍ ഇടപെടാനും ഒരു സുഹൃത്തുണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു.
ജനുവരി 11ന് രാമചന്ദ്രപുരത്ത് ഒരു സ്ത്രീയുടെ കൊലപാതകവുമായി വിശ്വനാഥനെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
ആന്ധ്രപ്രദേശില്‍ 11, കേരളത്തില്‍ ആറ്, കര്‍ണാടകത്തില്‍ നാല് കേസുകളില്‍ വിശ്വനാഥന്റെ ബന്ധം കണ്ടെത്തിയിട്ടുണ്ട്. 127 ഗ്രാം സ്വര്‍ണവും 20 ലക്ഷം രൂപയും ഓട്ടോറിക്ഷയും വിശ്വനാഥന്റെ കയ്യില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
Content Highlights: Serial killer targeting women living alone arrested by Tirupati police