മട്ടന് പകരം ബീഫ് നൽകിയെന്ന് പരാതി; പബ്ബിൽ ബഹളം വെച്ച് നടൻ, ജീവനക്കാരനെതിരെ കേസ്

വീഡിയോയിൽ താൻ ബ്രാഹ്മണനാണെന്നും തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും നടൻ അവകാശപ്പെടുന്നുണ്ട്

കൊൽക്കത്ത: മട്ടൻ വിഭവത്തിന് പകരം ബീഫ് നൽകിയെന്ന പരാതിയിൽ പബ്ബ് ജീവനക്കാരനെതിരെ കേസ്. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് മേഖലയിലെ ഒരു പബ്ബിലെ ജീവനക്കാരനെതിരെയാണ് കേസ്. ബംഗാളി നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായക് ചക്രബർത്തി എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സായക് ചക്രബർത്തിയും കൂട്ടുകാരും പബ്ബിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ മട്ടൻ വിഭവത്തിന് പകരം അറിയാതെ ബീഫ് നൽകി എന്നാണ് സായക് പറയുന്നത്. മട്ടൻ സ്റ്റീക്ക് ആണ് സായകും കൂട്ടുകാരും ഓർഡർ ചെയ്തത് എന്ന് പറയുന്നു. എന്നാൽ ജീവനക്കാരൻ അവർക്ക് നൽകിയത് ബീഫ് സ്റ്റീക്ക് ആയിരുന്നു. ഇതറിയാതെ ഇവർ ബീഫ് കഴിക്കുകയും ചെയ്തു.

തങ്ങൾ ബീഫ് ആണ് കഴിച്ചത് എന്ന് മനസിലായ സംഘം ജീവനക്കാരനോട് കയർക്കുകയും ചെയ്തു. എന്നാൽ ഇവർ മട്ടനും ബീഫും ഓർഡർ ചെയ്തിരുന്നു എന്നാണ് ജീവനക്കാരന്റെ വിശദീകരണം. ഇരുവരും തമ്മിലുള്ള വാദപ്രതിവാദത്തിന്റെ വീഡിയോ സായക് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ സംഘത്തോട് ക്ഷമ ചോദിക്കുന്ന ജീവനക്കാരനെയും മാനേജരെയും കാണാം.

വീഡിയോയിൽ താൻ ബ്രാഹ്മണനാണെന്നും തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും സായക് അവകാശപ്പെടുന്നുണ്ട്. സംഭവത്തിൽ ബീഫ് വിളമ്പിയ ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ സായകിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സായക് ബിജെപി ഏജന്റാണെന്നും വർഗീയത ഇളക്കിവിടുകയാന്നെന്നുമാണ് പലരുടെയും വിമർശനം. എന്നാൽ തനിക്ക് യാതൊരു ദുരുദ്ദേശവും ഇല്ലെന്നും താൻ എന്നും മത സാഹോദര്യത്തിന് വേണ്ടി വാദിക്കുന്ന ആളാണ് എന്നുമാണ് സായകിന്റെ വാദം.

Content Highlights: beef instead of mutton, kolkata actor creates chaos in pub, case against employee

To advertise here,contact us