ബെംഗളൂരു: ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സഹോദരന് സി ജെ ബാബു. അന്വേഷണ ഏജന്സിയില് നിന്ന് സമ്മര്ദമുണ്ടായിരുന്നുവെന്നും അഡീഷണല് കമ്മീഷണര് കൃഷ്ണപ്രസാദില് നിന്നും സമ്മര്ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര് ഓഫീസിലുണ്ടായിരുന്നു': സി ജെ ബാബു പറഞ്ഞു.
അതേസമയം, ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില് ആണ് സംസ്കാരം. പോസ്റ്റുമോര്ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില് നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടില് ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്ശനം ഉണ്ടാകും. റോയിയുടെ മരണത്തില് അന്വേഷണം പുരോഗമിക്കുകയാണ്. അശോക് നഗര് പൊലീസ് കേസെടുത്തു. ഇന്നലെ ആദായ നികുതിവകുപ്പിന്റെ പരിശോധനയ്ക്കിടെ റോയ് അതേ കെട്ടിടത്തില് തന്നെയുള്ള ഓഫീസിലെ മുറിയിൽ കയറി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായായിരുന്നു ഉദ്യോഗസ്ഥര് എത്തിയത്.
വെള്ളിയാഴ്ച രാവിലെയോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര് കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്പ്പറേറ്റ് ഓഫീസില് പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര് റോയ്യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്ന്ന് റോയ്യോട് ചില രേഖകള് ഹാജരാക്കാന് ആദായ വകുപ്പ് ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടു. എന്നാല് ഒരു മണിക്കൂര് കഴിഞ്ഞിട്ടും റോയ് രേഖകള് ഹാജരാക്കിയില്ല. തുടര്ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.
Content Highlights: 'CJ Roy was under pressure from Income Tax officials'; Brother CJ Babu