ദിസ്പൂർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി റിപ്പബ്ലിക്ക് ദിന ചടങ്ങിൽ അസം ഷോൾ ധരിക്കാത്തതിലാണ് വിമർശനം. റിപ്പബ്ലിക് ദിനത്തിൽ അസം ഷാൾ 'ഗമൂസ' ധരിക്കാത്ത ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ പ്രതിനിധികൾ പോലും ഷാൾ ധരിച്ച് എത്തിയിട്ടും രാഹുൽ ഗാന്ധി 'ഗമൂസ' ധരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഷാൾ ധരിക്കാത്തതിലൂടെ രാഹുൽ ഗാന്ധി അസം സംസ്കാരത്തെ അപമാനിചെന്നും അമിത് ഷാ ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിൽ നൽകിയ നോർത്ത് ഈസ്റ്റ് ഷാൾ രാഹുൽ ഗാന്ധി കയ്യിൽ മടക്കി പിടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷായുടെ പ്രതികരണം. അസം സംസ്കാരത്തെ അവഗണിച്ച രാഹുൽ ഗാന്ധിയോട് അസം കോൺഗ്രസ് നേതൃത്വം ഒന്നും ചോദിക്കുന്നില്ലേയെന്നും അമിത് ഷാ ചോദിച്ചു. ദിബ്രുഗഡിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് രാഹുൽ ഗാന്ധിക്ക് എന്ത് തരം ശത്രുതയാണുള്ളതെന്നും അമിത് ഷാ ചോദിച്ചു.
രാഹുൽ ഗാന്ധി ഷോള് കയ്യിൽ മടക്കി പിടിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബിജെപി വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രവർത്തി വടക്കുകിഴക്കൻ സംസ്ഥാന വിരുദ്ധ നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറഞ്ഞിരുന്നു.Content Highlights: Rahul Gandhi disrespected Northeast by not wearing 'gamosa' at President's Republic Day event: Amit Shah