കർണാടക ബുൾഡോസർ രാജ്; കുടിയൊഴിപ്പിക്കപ്പെട്ടവർ ഫ്‌ളാറ്റിന് പണം നൽകേണ്ടിവരില്ല, വ്യക്തത വരുത്തി സർക്കാർ

അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വീട് ലഭിക്കാന്‍ 5 ലക്ഷം രൂപ നല്‍കേണ്ടിവരുമെന്നതില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ബൈപ്പനഹളളിയില്‍ ഫ്‌ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്‌സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്‌സി/ എസ്ടി വിഭാഗത്തിന് സബ്‌സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായിട്ടുണ്ട്.

സംസ്ഥാന ഗവണ്‍മെന്റ് സബ്‌സിഡിയ്ക്ക് പുറമേ കേന്ദ്ര സബ്‌സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്‌സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബൈയപ്പനഹളളിയിലെ വീടുകള്‍ സൗജന്യമായി കൈമാറില്ലെന്നും വീടിന് ഓരോരുത്തരും 5 ലക്ഷം രൂപ വീതം നല്‍കണമെന്നും സർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 11.2 ലക്ഷം രൂപയുടെ വീട് 5 ലക്ഷം രൂപയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡിസംബര്‍ ഇരുപതിനാണ് യെലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ കയ്യേറ്റം ആരോപിച്ച് നാന്നൂറിലധികം വീടുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റിയത്.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ബുള്‍ഡോസറുപയോഗിച്ച് ഫക്കീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകള്‍ പൊളിച്ചുമാറ്റിയത്. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമില്‍ 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കാൻ തീരുമാനമായെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആധാര്‍, റേഷന്‍ കാര്‍ഡ് അടക്കമുള്ള യഥാര്‍ഥ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും വീടുകള്‍ നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Content Highlights: Karnataka Bulldozer Raj; Evicted people will not have to pay for flats explains government

To advertise here,contact us