ന്യൂഡല്ഹി: ഉന്നാവോ കേസില് മുന് ബിജെപി നേതാവ് കുല്ദീപ് സിങ് സേംഗറിന് ജാമ്യം നല്കിയതിന് പിന്നാലെ രാജ്യ തലസ്ഥാനം നാടകീയ രംഗങ്ങള്ക്ക് സാക്ഷ്യം വഹിച്ചു. സംഭവത്തില് പ്രതിഷേധിച്ച പെണ്കുട്ടിയുടെ മാതാവിനെ അര്ദ്ധസൈനിക വിഭാഗം കൈയേറ്റം ചെയ്തതായി ആരോപണം.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില് കുല്ദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഡല്ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് പെണ്കുട്ടിയുടെ മാതാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് അര്ധസൈനിക വിഭാഗം അതിജീവിതയുടെ മാതാവിനെ വിലക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കൂടാതെ മാതാവിനോട് ഓടിക്കൊണ്ടിരുന്ന ബസില് നിന്നും ചാടാന് നിര്ബന്ധിച്ചുവെന്നും റിപ്പോര്ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം അതിജീവിതയും അമ്മയും അഭിഭാഷകരുമടക്കമുള്ളവര് ഇന്ത്യ ഗേറ്റിന് മുന്നില് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അതിജീവിതയും മാതാവും മാധ്യമങ്ങളെ കാണാന് തീരുമാനിച്ചിരുന്നെങ്കിലും സിആര്പിഎഫ് ഇവരെ തിരിച്ചെത്തിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുന്നതില് നിന്നും വിലക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അനുവാദമില്ലെന്നും അതിനാല് ഇവരെ തിരികെ വീട്ടില് എത്തിക്കുന്നു എന്നായിരുന്നു സിആര്പിഎഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓടിക്കൊണ്ടിരുന്ന ബസിനകത്ത് വച്ച് അതിജീവിതയുടെ മാതാവിനെ സിആര്പിഎഫ് ഉദ്യോസ്ഥര് മര്ദിച്ചിരുന്നതായും ബസിനുള്ളില് വനിതാ ഉദ്യോഗസ്ഥര് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
'ഞങ്ങള്ക്ക് നീതി ലഭിച്ചില്ല. എന്റെ മകളെ ബന്ദിയാക്കിയിരിക്കുകയാണ്. ഞങ്ങളെ കൊല്ലണമെന്നാണ് അവരുടെ ആവശ്യം. എന്നെ ഓടിക്കൊണ്ടിരിക്കുന്ന ബസില് നിന്ന് തള്ളിയിട്ട് സിആര്പിഎഫ് ഉദ്യോഗസ്ഥര് പെണ്കുട്ടിയെയും കൊണ്ട് പോയി.' അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസിലെ പ്രതി കുല്ദീപ് സിങ് സെൻഗറിന് ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാജനകവും ലജ്ജാകരവുമെന്നായിരുന്നു രാഹുല് ഗാന്ധിയുടെ പ്രതികരണം. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നുവെന്നും ഇത് എന്ത് തരം നീതിയാണെന്നും രാഹുല് ഗാന്ധി ചോദിച്ചു. അതിജീവിത സുരക്ഷയും നീതിയുമാണ് അര്ഹിക്കുന്നതെന്നും ഭയവും അനീതിയും നിസഹായതയും അല്ലെന്നും രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.
ഇന്നാണ് ഉന്നാവോ പീഡനക്കേസിലെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഡല്ഹി ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചത്. ആരോഗ്യകാരണങ്ങള് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് ഇയാള് ഹര്ജി നല്കിയത്. ഡല്ഹിയില് തന്നെ തുടരണമെന്നതുള്പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര് താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര് പരിധിയില് പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയാണ് കോടതി മുന്നോട്ടുവച്ച മറ്റ് ഉപാധികള്.
2017ല് ഉത്തര്പ്രദേശിലെ ഉന്നാവോ മേഖലയില് അന്ന് ബിജെപി നേതാവും എംഎല്എയുമായിരുന്ന കുല്ദീപ് സിംഗ് സെന്ഗര് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്വെച്ച് ഉണ്ടായ വാഹനാപകടത്തില് പെണ്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്ദീപിനെതിരെ കേസെടുത്തു. തുടര്ന്ന് കുല്ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്കുട്ടിയുടെ പിതാവ് 2018-ല് ജുഡീഷ്യല് കസ്റ്റഡിയില് മരണപ്പെട്ടിരുന്നു. ആ കേസില് കുല്ദീപിനടക്കം ഏഴ് പ്രതികള്ക്ക് കോടതി 10 വര്ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
Content Highlight; Unnao case; survivor’s mother allegedly manhandled and stopped from protesting in Delhi