ഉന്നാവോ പീഡനക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു

ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു. കുല്‍ദീപ് സിംഗ് സെൻഗറിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് ഇയാള്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയാണ് മറ്റ് ഉപാധികള്‍.

പ്രതിക്ക് ജാമ്യം അനുഭവിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തല കുനിക്കേണ്ട സാഹചര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് പറഞ്ഞു. കേന്ദ്ര സര്‍ക്കാരും അമിത് ഷായും മറുപടി പറയണമെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും സുപ്രിയ പറഞ്ഞു. എക്കാലവും കുല്‍ദീപ് സിംഗ് സെന്‍ഗറിനെ സംരക്ഷിക്കാനാണ് ശ്രമം നടന്നതെന്നും പ്രതിഷേധിച്ച ഇരയെയും അമ്മയെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ചുവെന്നും സുപ്രിയ പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് അവിടെ നിന്നും വലിച്ചിഴച്ച് മാറ്റി.

2017-ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Content Highlights: BJP MLA's sentence suspended in Unnao rape case

To advertise here,contact us