ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ (67) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തില്ല.
ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ആകെ പോൾ ചെയ്തത് 767 വോട്ടുകളാണ്. ഇതിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ജൂലൈ 21-ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.
തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോഗിതനായി. 1998ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്റെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1999-ൽ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
Content Highlights: Vice President CP Radhakrishnan took Oath