എൻഡിഎ കുടുംബം സി പി രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്തതിൽ സന്തോഷം: നരേന്ദ്ര മോദി

തമിഴ്‌നാട്ടിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സി പി രാധാകൃഷ്ണന്‍ നടത്തിയിട്ടുണ്ടെന്ന് മോദി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട് ബിജെപി അധ്യക്ഷനുമായിരുന്ന സി പി രാധാകൃഷ്ണനെ എന്‍ഡിഎ ഉപരാഷ്ട്രപതിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുമാനപ്പെട്ട സി പി രാധാകൃഷ്ണന്‍ ജി എംപിയെന്ന നിലയിലും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്ന നിലയിലും വലിയ അനുഭവങ്ങളുള്ളയാളാണെന്ന് നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എപ്പോഴും നിര്‍ണായകമായിരുന്നുവെന്നും മോദി പറഞ്ഞു.

'സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്കായിരുന്നു ഗവര്‍ണറായിരിക്കെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നിയമനിര്‍മാണ, ഭരണഘടനാ കാര്യങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ അറിവുണ്ടെന്ന് ഈ അനുഭവങ്ങള്‍ കാണിക്കുന്നു. അദ്ദേഹം പ്രചോദിപ്പിക്കുന്ന ഒരു ഉപരാഷ്ട്രപതിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴ്‌നാട്ടിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്‍ഡിഎ കുടുംബം അദ്ദേഹത്തെ ഞങ്ങളുടെ സഖ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്', മോദി പറഞ്ഞു.

ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്. സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണന്‍ പിന്നീട് ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രധാന നേതാക്കളില്‍ ഒരാളായി. കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്‍ നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു.

ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ എന്ന സി പി രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ ആര്‍എസ്എസിലൂടെ വന്ന രാധാകൃഷ്ണന്‍ 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ല്‍ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണന്‍ നിയോഗിതനായി. സംസ്ഥാന പ്രസിഡന്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റര്‍ 'രഥയാത്ര' രാധാകൃഷ്ണന്‍ നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. പിന്നെയും രണ്ട് പദയാത്രകള്‍ കൂടി അദ്ദേഹം നയിച്ചിരുന്നു.

1998ല്‍ കോയമ്പത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1999-ല്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്‌റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റി (പിഎസ്യു)യിലും ധനകാര്യത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സ്പെഷ്യല്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

Content Highlights: Narendra Modi congrats C P Radhakrishnan

To advertise here,contact us