'ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം'; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നെല്ലിക്ക അയച്ചുകൊടുത്തത്

RAJMOHAN UNNITHAN

പാലക്കാട്: ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരനല്ലെന്ന പരാമര്‍ശത്തിനും മാധ്യമങ്ങള്‍ക്ക് മുമ്പിലെ തുറന്നുപറച്ചിലുകള്‍ക്കും പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തലയില്‍ നെല്ലിക്ക തളം വെക്കണണെന്ന് ആവശ്യപ്പെട്ട് പാഴ്‌സലായി നെല്ലിക്ക അയച്ചാണ് ഷാഫി പക്ഷം പ്രതിഷേധിച്ചത്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നെല്ലിക്ക അയച്ചുകൊടുത്തത്.

കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും തുടര്‍ച്ചയായി വിമര്‍ശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് ഇവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് നെല്ലിക്ക അയച്ചത് എന്നതും ശ്രദ്ധേയമാണ്. കെ എം അഭിജിത്ത്, വി ടി സൂരജ്, റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരസ്യമായി തള്ളിയും ഷാഫി പറമ്പിലിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, ഉണ്ണിത്താന്‍-ഷാഫി തര്‍ക്കം താത്കാലികമായിട്ടെങ്കിലും അവസാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലിന് പിന്നാലെയാണ് 'വെടിനിര്‍ത്തല്‍'. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ എന്നിവരുമായി ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികളുമായും ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജെ എസ് അഖില്‍ എന്നിവരുമായും ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തിയിരുന്നു

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചു. ജിന്‍ഷാദ് ജിനാസ്, നേമം ഷെജീര്‍ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടത്. ഇനിയും പ്രകോപനം ഉണ്ടായാല്‍ തുറന്നടിക്കുമെന്ന് ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷാഫി പറമ്പില്‍ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയും പിന്നാലെ അദ്ദേഹത്തിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണവുമാണ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരസ്യമായ വിഴുപ്പലക്കിലേയ്ക്ക് പോയത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ അതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന പരോക്ഷ സൂചനയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയിരുന്നു. തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ എല്ലാം പരിശോധിച്ചുവെന്നും അപ്പോഴാണ് നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയതെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. എറണാകുളത്തെ പനമ്പള്ളി നഗറിലൊരു ഫ്ലാറ്റില്‍ കേരളത്തിലെ എല്ലാവരും ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാല് പിടിച്ച് അപേക്ഷിച്ചു. എന്താണ് കാര്യം എന്നത് താന്‍ പിന്നീട് വെളിപ്പെടുത്താം. 2020 എന്ന ഒരു വണ്ടി നമ്പറും അദ്ദേഹം വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള ക്ലൂ ആയി എടുത്തുപറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ തന്റെ ഡയറിയില്‍ എല്ലാം കുറിച്ച് വെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും എല്ലാം കുടുങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചിരുന്നു.

cONTENT hIGHLIGHT: Congress workers belonging to the Shafi Parambil camp in Palakkad have sent a parcel of amla to Rajmohan Unnithan, demanding that he undergo an amla treatment, in protest against his remarks about Shafi Parambil and his public statements. The incident comes amid escalating factional tensions within the Kerala Congress, with several Youth Congress leaders openly supporting Shafi and criticising Unnithan. Meanwhile, AICC general secretary in charge of Kerala, Deepa Dasmunshi, has intervened to temporarily end the public exchange of accusations between the two leaders. During discussions, Unnithan also sought action against individuals allegedly involved in cyberattacks against him and warned that he would respond if provocations continued. The controversy began after Unnithan claimed that Shafi Parambil was not part of the A group.

To advertise here,contact us