യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്റെ മനസിലുള്ള പേര് എന്റേതാണെന്ന് ഉമ്മൻ ചാണ്ടി സർ പറഞ്ഞിരുന്നു: ജെ എസ് അഖിൽ

ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു

J S Akhil

തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നുവെന്ന് കെപിസിസി അംഗം ജെ എസ് അഖില്‍. അത് നടക്കാതെ പോയതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. കുതികാലുവെട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയം ആയിരുന്നില്ല ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

'അന്നത്തെ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിട്ടും താന്‍ മാറിനില്‍ക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ല അത് എന്റെ മനസ്സില്‍ താനാണ് എന്ന് ഉമ്മന്‍ചാണ്ടി സാര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിച്ചപ്പോള്‍ ആ സ്ഥാനങ്ങളൊക്കെ ആരൊക്കെയോ ബോധപൂര്‍വ്വം ഇല്ലാതാക്കി എന്ന് തോന്നുന്നു. കുതികാലുവെട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയം ആയിരുന്നില്ല ഉമ്മന്‍ചാണ്ടി സാറിന്റെ ആദര്‍ശ രാഷ്ട്രീയം. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായം എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല', അഖിൽ വ്യക്തമാക്കി.

ഇന്ന് രാവിലെ 11 മുതല്‍ താന്‍ നേരുന്നത് വലിയ സൈബര്‍ ആക്രമണമാണ്. ഫോണ്‍ വിളിച്ച് തെറികളാണ് പറയുന്നത്. അത് ആരുടെ നേതൃത്വത്തില്‍ ആണെങ്കിലും ശരിയല്ല. ഉമ്മന്‍ചാണ്ടി സാറിന്റെ തീരുമാനത്തിന് വിരുദ്ധമായി കണ്ടെത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥിതി എന്താണെന്ന് നമുക്കറിയാം. ചില ആളുകള്‍ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ല. ജനങ്ങള്‍ ആഗ്രഹിക്കുന്ന ആളുകളെ ജനങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകണമെന്നും ജെ എസ് അഖിൽ പറഞ്ഞു.

ഷാഫി പറമ്പില്‍ എ ഗ്രൂപ്പില്‍ എന്നത് എട്ടാമത്തെ അത്ഭുതമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞതിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും സരിത കേസില്‍ ചാനലായ ചാനലെല്ലാം പോയി ഉമ്മൻചാണ്ടിയെ സംരക്ഷിച്ച ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയത്. തനിക്ക് നേരെ വരുന്ന സൈബർ ആക്രമണം എല്ലാം താൻ പരിശോധിച്ചു. അപ്പോഴാണ് നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായത്. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണം.

പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ എസ് അഖിലിന്റെ പേര് ഡയറിയില്‍ എഴുതി വെച്ചിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആയിരുന്നില്ല പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പറഞ്ഞിട്ടേയില്ല. നോട്ട്പാഡില്‍ ജെ എസ് അഖിലിന്റെ പേര് ഉണ്ടായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് സത്യമാണെന്നും മറിയാമ്മ ഉമ്മന്‍ വ്യക്തമാക്കി.

Content Highlights: J S Akhil reveals that Oommen Chandy had recommended his name for the post of Youth Congress state president

To advertise here,contact us