പ്രാഗിലേക്ക് എന്തിനാണ് ഷാജി പോയത്, മദ്യ മാഫിയയുടെ സ്‌പോൺസർഷിപ്പ് യാത്ര ലീഗ് അനുവദിച്ചിട്ടുണ്ടോ?; കെ എം ഷാജി

അതീവ ഗൗരവമായ വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരിക്കുന്നതെന്നും വിജിൻ

തിരുവനന്തപുരം: ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്തിനാണ് പോയതെന്ന് ചോദിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍. ലീഗിനോട് അന്ന് തന്നെ മറുപടി ആവശ്യപ്പെട്ടതാണെന്നും വിജിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ, കേരള സര്‍ക്കാര്‍ അറിയാതെയുള്ള മദ്യ മാഫിയയുടെ സ്‌പോണ്‍സര്‍ഷിപ്പ് യാത്ര ലീഗ് അനുവദിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ലീഗ് ഇതുവരെ ഇതില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. അതീവ ഗൗരവമായ വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന അനുമതിയില്ലാതെ ഒരു മന്ത്രിക്ക് ഇത്തരം രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയില്ല. അങ്ങനെയൊരു യാത്രയാണ് ഷാജി ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും വിജിൻ പറഞ്ഞു.

കേരളത്തിലെ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഒരു പഞ്ചായത്ത് അടച്ചുപൂട്ടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട ഗ്രാന്‍ഡ് ഇടമലക്കുടി പഞ്ചായത്തിന് ഇതുവരെ നല്‍കിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ താറുമാറായി കിടക്കുന്നതില്‍ മന്ത്രിക്ക് ഒരു ആശങ്കയുമില്ല. പ്രാഗില്‍ പോകണം, അവിടുത്ത ടൂറിസം ആഘോഷിക്കണം എന്ന് മാത്രമാണ് മന്ത്രിക്ക്. നല്ല നമസ്‌കാരമാണ് മന്ത്രിയോട് പറയാനുള്ളത്. ലീഗിന്റെ മന്ത്രിയല്ലേ, എന്നിട്ടും എന്തുകൊണ്ടാണ് ലീഗ് ഒരക്ഷരം മിണ്ടാത്തതെന്നും വിജിൻ ചോദിച്ചു.

മുഖ്യമന്ത്രി മറുപടി പറയേണ്ടതല്ലേ. ഒരനുമതിയും ഇല്ലാതെ ക്യാബിനറ്റിലെ ഒരു മന്ത്രി എന്തിനാണ് ഇങ്ങനെ ഒരു യാത്ര നടത്തിയത് എന്ന് മുഖ്യമന്ത്രി പറയണം. ഇതില്‍ കൃത്യമായ അന്വേഷണം ഉണ്ടാകണം. യാത്രയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളോ ദുരുദ്ദേശമോ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും എം വിജിൻ ആവശ്യപ്പെട്ടു.

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്ക് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നടത്തിയ യാത്ര മുഖ്യമന്ത്രിയോ കേന്ദ്രസര്‍ക്കാരോ അറിയാതെയാണെന്ന വാർത്ത റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. കേന്ദ്രാനുമതി തേടാതെയാണ് മന്ത്രി പ്രാഗിലേക്ക് യാത്ര നടത്തിയതെന്ന് വ്യക്തമാകുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 20നായിരുന്നു മന്ത്രി പ്രാഗിലേക്ക് എത്തിയത്. വിവാദ മദ്യ വ്യവസായി ജോണ്‍ സേവ്യറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതീവ ഗുരുതരമായ ചട്ടലംഘനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സെപ്തംബര്‍ 16 മുതല്‍ 26 വരെ നടത്തിയ യൂറോപ്യന്‍ യാത്രയില്‍ ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു പൊളിറ്റിക്കല്‍ ക്ലിയറന്‍സ് തേടിയത്. ഇതില്‍ പ്രാഗ് ഉള്‍പ്പെട്ടിരുന്നില്ലെന്ന് വ്യക്തമാകുന്ന രേഖയാണ് റിപ്പോര്‍ട്ടറിന് ലഭിച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളുടെ സന്ദര്‍ശനവിവരം മാത്രമാണ് മന്ത്രി മുഖ്യമന്ത്രിയെയും അറിയിച്ചതെന്നാണ് വിവരം. എന്തിനാണ് മന്ത്രി പ്രാഗ് യാത്ര ഒളിച്ചുവെച്ചതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. യാത്രയുടെ ചെലവുകള്‍ ആരാണ് വഹിച്ചതെന്നും സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടായിരുന്നോയെന്നും പ്രതിപക്ഷം ചോദ്യം ഉയര്‍ത്തുന്നുണ്ട്.

മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ടെക്‌നിക്കാലിറ്റികള്‍ ഉണ്ടാകുമെന്നും അത് അതിന്റെ വഴിക്ക് നടക്കുമെന്നുമായിരുന്നു വിവാദത്തില്‍ കെ എം ഷാജി പ്രതികരിച്ചത്. ലീഗല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. താന്‍ പോയ യാത്രക്ക് അനുമതിയുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഥകള്‍ വരട്ടെ. അതിനൊന്നും മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു. അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കിയിലേക്ക് യാത്ര നടത്തിയ മന്ത്രി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: m vijin seeks explanation for km shaji visit to prague

To advertise here,contact us