കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാതെ കോടതി. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം നല്കിയ അപ്പീല്‍ കോടതി തള്ളികളഞ്ഞു. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന് കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിതിരെ എഫ്ഐആര്‍ ഇടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് 7 വര്‍ഷം തടവ് കിട്ടുന്ന കുറ്റങ്ങള്‍ക്ക് മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.
ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങളാണ് ഈ കേസില്‍ നടക്കുന്നതെന്നും ഇരയുടെ സ്വാഭാവിക നീതിയാണ് ഇല്ലാതാകുന്നതിന് പൊലീസ് മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്കി.
അതിനിടെ, ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു . മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്കിയ സര്‍ക്കാരിനെതിരെ പരിഹാസിക്കുന്ന സമീപനവും ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. വിശദമായ മറുപടി നല്‍കിയതിലാണ് സര്‍ക്കാരിനെ പരിഹസിച്ച് ഹൈക്കോടതി രംഗത്ത് വന്നിരുന്നത്. ഏതാണ്ട് 16 പേജുള്ള മറുപുടി സത്യാവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ ജാമ്യാപേക്ഷയിലും വിശദമായ മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം.
ഒക്ടോബര്‍ 25 പുലര്‍ച്ച രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന് ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകിയാണ് 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.
Content Highlights: In the Cheranalloor accident case, the court declined to cancel the bail granted to the 17-year-old accused.