ഇന്നോവ പോര, ഗവർണർക്ക് ടോയോട്ട ഫോർച്ച്യൂണർ തന്നെ വേണം: വാടകക്ക് എടുത്ത് കേരള ഹൗസ്‌

കേരളത്തിൻ്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഫോർച്ച്യൂണർ കാർ വാടകയ്ക്ക് എടുത്ത് ഡൽഹി കേരള ഹൗസ്‌

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഫോർച്ച്യൂണർ കാർ വാടകയ്ക്ക് എടുത്ത് ഡൽഹി കേരള ഹൗസ്‌. ഗവർണറുടെ നിർദേശത്തിലാണ് കാർ എടുത്തത്. ഡൽഹിയിലെത്തുമ്പോൾ സാധാരണയായി മുഖ്യമന്ത്രിയും ഗവർണറും ഇന്നോവ കാറാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ തനിക്ക് യാത്രാ ആവശ്യങ്ങൾക്ക് ഫോർച്യൂണർ തന്നെ വേണമെന്ന് ഗവർണർ റസിഡന്റ് കമ്മീഷണറെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കേരള ഹൗസ്‌ ഫോർച്ച്യൂണർ വാടകയ്ക്ക് എടുത്തത്. ഉയരക്കൂടുതലുള്ളതിനാലാണ് വാഹനം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 33 ലക്ഷം മുതൽ 52 ലക്ഷം രൂപ വരെയാണ് പുതിയ ടൊയോട്ട ഫോർച്യൂണറിൻ്റെ വില.

കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കേരള ഹൗസിലെ കട്ടിലും മാറ്റാൻ ഓം പ്രകാശ് മാഥൂർ ആവശ്യപ്പെട്ടത് വാർത്തയിൽ ഇടം നേടിയിരുന്നു. ഗവർണർക്ക് ആറടി ഉയരമുണ്ടെന്നതിനാലാണ് പുതിയ കട്ടിൽ ആവശ്യപ്പെട്ടത്. കേരള ഹൗസിലെ കട്ടിൽ നീളം കുറഞ്ഞതിനാൽ സിക്കിം ഹൗസുമായി ബന്ധപ്പെട്ടു. മുൻപ് ഇദ്ദേഹം സിക്കിം ഗവർണർ ആയിരുന്നതിനാൽ സിക്കിം ഹൗസിൽ നിന്ന് നീളമുള്ള കട്ടിൽ എത്തിച്ചു. അതുകൂടാതെ ലോക് ഭവനിലെ അടുക്കളയിൽ മാംസാഹാര വിഭവങ്ങൾ പാചകം ചെയ്യുരുതെന്ന ഗവർണറുടെ പ്രസ്താവനയും വിവാദമായിരുന്നു.

ഒക്ടോബർ 23 നായിരുന്നു കേരളത്തിൻ്റെ 29-ാമത്തെ ഗവര്‍ണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്തത്‌. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റ സാഹചര്യത്തിലായിരുന്നു ഈ നിയമനം. മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നിരുന്നു.

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥുർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി. പീന്നീട് ദേശീയ നേതൃത്വത്തിൻ്റെ ഭാ​ഗമായ മാഥുർ ​ഗുജറാത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.

Content Highlights: Kerala Governor Om Prakash Mathur Wants Toyota Fortuner, Kerala House Rents Car

To advertise here,contact us