കൊച്ചി സിനഗോഗിന് മുന്നിലെ തീയിടൽ; പ്രതി എബിൻ്റെ ഫോണിലെ മിറർ ഇമേജുകൾ പൊലീസിന്, ഡിലീറ്റ് ചെയ്തവ തിരിച്ചെടുത്തു

സിനഗോഗ് ആക്രമണത്തില്‍ ഇയാള്‍ക്ക് പണം ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിലെ തീയിടല്‍ കേസില്‍ അറസ്റ്റിലായ പ്രതി എബിന്റെ ഫോണിലെ മിറര്‍ ഇമേജുകള്‍ പൊലീസിന് ലഭിച്ചു. മൊബൈലില്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങളും ചാറ്റുകളും, ദൃശങ്ങളുമടക്കം ഉള്‍പ്പെടുന്നതാണ് മിറര്‍ ഇമേജ്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിര്‍ണ്ണായക ചോദ്യം ചെയ്യല്‍ നടക്കുന്നത്.

എബിനെ കസ്റ്റഡിയില്‍ എടുത്ത് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിരങ്ങള്‍ ലഭിച്ചത്. 'ബോസ് ടാസ്‌ക് ഏല്പിക്കും, എബിന്‍ നടപ്പാക്കും' ഇതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. സിനഗോഗ് ആക്രമണത്തില്‍ ഇയാള്‍ക്ക് പണം ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ ആക്രമണം നടത്തിയ ദൃശ്യങ്ങള്‍ അയച്ച് നല്‍കി ക്രിപ്റ്റോ കറന്‍സി വഴി പണം നേടിയിരുന്നതായാണ് വിവരം. കേസില്‍ രൂപീകരിച്ച അന്വേഷണ സംഘം ഇന്നലെ എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പിന്നാലെ ഇയാളെ ചോദ്യം ചെയ്തതിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. മൂവാറ്റുപുഴയിലും ആക്രമണം താനാണ് നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. മറ്റ് ചില സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതിനുള്ള പരിശീലനമാണ് ഇവിടെ നടന്നതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

അതേസമയം മുവാറ്റുപുഴ യൂസ്ഡ് കാര്‍ ഷോ റൂം തീയിട്ടതില്‍ പണം ലഭിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് എബിന്‍ നടത്തിയ പരിശീലനമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ ആയുധങ്ങള്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ചാറ്റുകളാണ് പ്രധാനമായും ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ചത്. ബോസ് എന്ന ആളുമായി ഇയാള്‍ നിരന്തരം ചാറ്റുകള്‍ നടത്തിയിരുന്നു. ബോസ് എന്ന ആള്‍ വിദേശ പൗരനാണെന്ന് എന്‍ഐഎ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ വിവരശേഖരണത്തിന് ശേഷമാകും എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യുക.

Content Highlights: Police recover deleted chats and images from Ebin’s phone in the Kochi synagogue case. alleged cryptocurrency payments and foreign links under investigation

To advertise here,contact us