തിരുവനന്തപുരം: ആറുവരിപ്പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ വിലക്കി മോട്ടോര്‍ വാഹന വകുപ്പ്. സര്‍വീസ് റോഡ് ഉപയോഗിച്ചില്ലെങ്കില്‍ നടപടിയെന്നാണ് എംവിഡി നിര്‍ദേശം. ആറുവരിപ്പാതയിലൂടെ സര്‍വീസ് നടത്തി യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നതായി പരക്കെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിക്കാന്‍ എംവിഡി ഒരുങ്ങുന്നത്.
സ്ത്രീകളും കുട്ടികളും വയോധികരും പാതയില്‍ നിന്ന് പുറത്തിറങ്ങാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്നു എന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ആറുവരിപ്പാതയില്‍ ഒരിടത്തും വാഹനം നിര്‍ത്തിയിടാനോ ആളെ ഇറക്കാനോ അനുമതിയില്ലെന്നാണ് എംവിഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ ദേശീയപാതയില്‍ ഒരിടത്തും ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടില്ല. സര്‍വീസ് റോഡുകള്‍ ഒഴിവാക്കിയാല്‍ ബസുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്.
അതിനിടെ ദേശീയപാത ആറുവരിപ്പാതയില്‍ തെറ്റായ ദിശയില്‍ പിറകോട്ട് എടുത്ത് കെഎസ്ആര്‍ടിസി ബസ് ഇന്നും അപകട യാത്ര നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മലപ്പുറം കോട്ടക്കല്‍ സ്വാഗതമാട് വെച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞദിവസം സ്വകാര്യ ടൂറിസ്റ്റ് ബസ് പിറകോട്ട് എടുത്ത അതേ സ്ഥലത്ത് വച്ചാണ് സംഭവം. പിറകോട്ട് എടുത്ത ബസ് തെറ്റായ ദിശയിലൂടെ സര്‍വീസ് റോഡിലേക്ക് കയറുകയായിരുന്നു. ഏതാണ്ട് 150 മീറ്ററോളമാണ് കെഎസ്ആര്‍ടിസി ബസ് പിറകിലേക്കെടുത്തത്. പിറകില്‍ നിന്ന് വാഹനങ്ങള്‍ വന്നുകൊണ്ടിരിക്കെ തന്നെയായിരുന്നു അപകടയാത്ര. ദേശീയ പാതയില്‍ പലതവണയായി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പോലും ഇത്തരം അനാസ്ഥകള്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു.
Content Highlights: The Motor Vehicles Department has tightened restrictions on stage carriage buses operating along the six-lane highway, directing them to use service roads for passenger services. Buses are not permitted to stop or drop passengers anywhere on the new highway, where no bus stops have been authorised. The move follows complaints that women, children and elderly passengers are being forced to walk long distances after being dropped on the highway.