തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എഫ്ഐ സമരം അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ സമരത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധമറിയിച്ചാണ് കത്തയച്ചിരിക്കുന്നത്.
വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്നാണ് കത്തിലെ വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ നയങ്ങള്‍ക്ക് വഴങ്ങുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ ആക്രമിച്ചെന്നും വനിതാ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നുണ്ട്.
ദേശീയതലത്തിലെ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായാണ് കേരളത്തിലെ പ്രവര്‍ത്തനം എന്നാണ് പിണറായി ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ അധീശത്വം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെന്നും വിമര്‍ശനമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ എഐസിസി അധ്യക്ഷന്‍ ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് സമാന വിമര്‍ശനം കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയരുന്നത്. കേരള സര്‍വകലാശാലയില്‍ അടക്കം വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെയായിരുന്നു തലസ്ഥാനത്ത എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള സര്‍വകലാശാലയിലേക്ക് നടന്ന മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിയുടെ കണ്ണിന് താഴെ പരിക്കേറ്റ് ചോര വാര്ന്നതടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടായി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനടക്കം മര്‍ദ്ദനമേല്‍ക്കുകയും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ അന്നത്തെ സമരത്തില്‍ പങ്കാളിയാകാതിരുന്ന വൈഷ്ണവിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലും പൊലീസിനും സര്‍ക്കാരിനും എതിരെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അന്നേ ദിവസം രാത്രി എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ ആദര്‍ശ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് ആശുപത്രിക്കുള്ളില്‍ കയറി അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
ഡല്‍ഹിയില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് വേണ്ടി രാഹുല്‍ ഗാന്ധി തന്നെ തെരുവിലിറങ്ങി പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സമരങ്ങളെ നേരിടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ കത്ത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ വഴിയേ ആണെന്ന് നേരത്തെയും പിണറായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
Content Highlights: Opposition Leader Pinarayi Vijayan has written to AICC president Mallikarjun Kharge protesting alleged police action against SFI protesters at Kerala University. He alleged that forcing students to sing the full Vande Mataram reflects a Sangh Parivar agenda and accused the UDF government of accommodating such policies, while also raising concerns over the treatment of women students.