കോഴിക്കോട്: കോഴിക്കോട് ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് ബൈപ്പാസിലൂടെയാണ് ആറ് കിലോമീറ്റര്‍ ദൂരം തെറ്റായ ദിശയില്‍ ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
യാത്രക്കാരുമായി രാമനാട്ടുകരയ്ക്ക് സമീപമുള്ള മേല്‍പാലത്തിലൂടെയാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് തെറ്റായ ദിശയില്‍ ഓടിച്ചത്. ഇതിനെതിരെയാണ് നിയമ ലംഘനത്തിന് എംവിഡി നടപടി സ്വീകരിക്കുക. അന്നേ ദിവസം ഡ്യൂട്ടിയുലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും എംവിഡി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചിരുന്നു.
ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക' ബസിനെതിരെ 7,500രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തുകയും നിയമലംഘനം നടത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: A KSRTC bus was reported for violating traffic rules on the six lane national highway in Kozhikode