സജാദ് സ്‌നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്; എന്‌റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവിക പ്രതികരണം:രമ്യ

വാട്‌സാപ്പിലൂടെ വളരെ മോശമായ പദപ്രയോഗങ്ങള്‍ തനിക്കെതിരെ ഉണ്ടായെന്നും രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസുകാരുടെ തമ്മിലടിയില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. പിന്നില്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിച്ചുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇതില്‍ കെപിസിസിയില്‍ പരാതി കൊടുത്തിരുന്നു. രണ്ട് വിഭാഗങ്ങളോടും താന്‍ സഹകരിച്ചില്ല. ഇവരെ രണ്ടുപേരെയും വിളിച്ച് താന്‍ സംസാരിച്ചു. പക്ഷേ ഒരു രീതിയിലും വിട്ടുവീഴ്ച ചെയ്യാത്ത നിലയിലേക്ക് അത് പോയെന്നും രമ്യ വ്യക്തമാക്കി.

ജനപ്രതിനിധി എന്ന നിലയില്‍ ഒരുപക്ഷം പിടിക്കുന്നത് ശരിയല്ല. രണ്ട് വിഭാഗം നടത്തിയ കണ്‍വെന്‍ഷനിലും താന്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു. വാട്‌സാപ്പിലൂടെ വളരെ മോശമായ പദപ്രയോഗങ്ങള്‍ ഇതിന് പിന്നാലെ ഉണ്ടായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ കഴിയാത്ത തരത്തിലുള്ളതായിരുന്നു അത്. സജിത്താണ് ഇതിന് നേതൃത്വം നല്‍കിയത്. ആഭ്യന്തരമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് പരാതി പറഞ്ഞതാണ്.ഷാഫി പറമ്പില്‍ എംപിയോടും സുധീര്‍ ഷാ പാലോട് എംഎല്‍എയോടും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‌റിനോടും കാര്യം വ്യക്തമാക്കി.പാര്‍ട്ടി ഇതില്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് വിചാരിക്കുന്നുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

രൂക്ഷമായ സൈബര്‍ അതിക്രമണം നേരിടുകയാണ് താന്‍. സജിത്തും വിശ്വനാഥനും പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് ഇട്ടത് എന്ന് സജാദ് തന്നോട് ഇന്നലെ പറഞ്ഞിരുന്നു. സജാദ് സ്‌നേഹത്തോടെ ക്ഷണിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. ഇതിന് പിന്നില്‍ മാസങ്ങളോളമായുള്ള ആസൂത്രിത നീക്കമുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിയില്‍ നിന്ന് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സജാദിന്റെ മകളെ കൊണ്ട് പോസ്റ്റ് വായിക്കാന്‍ ശ്രമിച്ചിട്ടില്ല. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സജിത്ത് വീട്ടിലേക്ക് തള്ളി കയറി വരികയായിരുന്നു. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണം മാത്രമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.പാളയം പ്രദീപ് എംപിയായിരിക്കുന്ന കാലം തൊട്ടേ തന്റെ സ്റ്റാഫാണെന്നും രമ്യ പറഞ്ഞു.

അതേസമയം, ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിൽ തല്ലിൽ അന്വേഷണത്തിനൊരുങ്ങുകയാണ് കെപിസിസി. രമ്യ ഹരിദാസിന്റെ പരാതിയിലാണ് അന്വേഷണം. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനാണ് തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. തമ്മിൽതല്ല് നാണക്കേടെന്നാണ് വിലയിരുത്തൽ. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ് രമ്യ ഹരിദാസ്.

സംഭവത്തിൽ രണ്ട് കൂട്ടരുടെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുള്‍പ്പെടെ പ്രതികളാണ്. സജാദും ഭാര്യയും നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. ശേഷമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

താനും മക്കളും മാത്രമുള്ള വീട്ടിലേക്കാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കയറിവന്നതെന്ന് സജാദിന്റെ ഭാര്യ സിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തില്‍ വായിക്കാന്‍ പറഞ്ഞു. പലതവണ പോസ്റ്റ് വായിക്കാന്‍ പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തി. മകള്‍ വല്ലാതെ പേടിച്ചു. പോസ്റ്റ് വായിക്കില്ല എന്ന് പറഞ്ഞപ്പോള്‍ പ്രദീപ് തന്നെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എയും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആരോപണം. രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും പറഞ്ഞിരുന്നു.

Content Highlights: Chirayinkeezhu MLA Ramya Haridas has issued a clarification regarding the dispute involving Congress leaders in the constituency

To advertise here,contact us