കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ നാല് ദിവസം മുന്‍പ് രണ്ട് കോടിയുടെ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 28കാരിയായ യുവതി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.78 കിലോ സ്വര്‍ണവുമായാണ് പിടിയിലായത്. പൊന്നാനി സ്വദേശിയായ ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ) മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ചതിലൂടെയാണ് കരിപ്പൂരില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നായിരുന്നു സ്വര്‍ണം പിടിച്ചത്. ഇയാളും മൂന്ന് മക്കളുമാണ് റാസല്‍ഖൈമയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയതിന് പുറമേ ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച ബാക്കി സ്വര്‍ണമിശ്രിതവും തുടര്‍പരിശോധനയില്‍ ലഭിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം വന്‍ സ്വര്‍ണ വേട്ടയാണ് കേരളത്തില്‍ നടന്നത്. ഓഗസ്റ്റ് ആദ്യവാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 14 വ്യത്യസ്ത കേസുകളിലായി 6 മലയാളികള്‍ ഉള്‍പ്പെടെ 9 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Content Highlights: New details have emerged in the Karipur gold smuggling case after Customs officials seized gold worth around ₹1 crore, allegedly concealed in the diaper of an eight-month-old baby. The seizure has drawn attention to the methods reportedly used to conceal the gold during air travel.