തിരുവന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടവിട്ട് മഴപെയ്തിരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരുന്നു. അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണം
കേരളത്തില്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികള്‍ അപകടത്തില്‍ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകള്‍ വ്യാപകമായി ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂമുകള്‍ ആരംഭിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തണം. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോള് റൂമുകളിലേക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള് ലഭ്യമാക്കേണ്ടതാണ്.
Content Highlight : Rain warning for the state on Thiruvonam day; yellow alert in 6 districts today