'പീക്ക് അവറില്‍ മാത്രം വൈദ്യുതി നിയന്ത്രണമെന്ന പ്രഖ്യാപനം വിഴുങ്ങി'; സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം

രാത്രി ഏഴുമുതല്‍ 12 വരെ പല സമയത്തായി രണ്ട് മണിക്കൂര്‍ വരെയാണ് പവര്‍കട്ടെന്നും സിപിഐഎം

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് തുടരുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം. ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാന്‍ നടപടിയെടുക്കാതെ കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണെന്ന് സിപിഐഎം വിമര്‍ശിച്ചു. സംസ്ഥാനത്ത് നഗര, ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയതോടെ ജനം വലയുന്നു. പീക്ക് അവറില്‍ മാത്രം വൈദ്യുതി നിയന്ത്രണമെന്ന പ്രഖ്യാപനം വിഴുങ്ങി. രാത്രി ഏഴുമുതല്‍ 12 വരെ പല സമയത്തായി രണ്ട് മണിക്കൂര്‍ വരെയാണ് പവര്‍കട്ടെന്നും സിപിഐഎം പറഞ്ഞു.

മഴക്കുറവിനെയും ജനങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും പഴിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. എല്‍നിനോ പ്രതിഭാസം മൂലം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങള്‍ വിപണിയില്‍നിന്ന് മുന്‍കൂട്ടി വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിച്ചു. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ 'സെക്കി'യുമായി വ്യാഴാഴ്ചയുണ്ടാക്കിയ കരാറും പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

നിലവില്‍ 600 മെഗാവാട്ടിന്റെ കുറവാണുള്ളത്. റൗണ്ട് ദ ക്ലോക്ക് വ്യവസ്ഥയില്‍ വൈദ്യുതി വാങ്ങുമ്പോള്‍ വലിയ നഷ്ടമുണ്ടാകും. 1500 മെഗാവാട്ട് ആവശ്യപ്പെട്ടാലും 50 മെഗാവാട്ടേ ലഭിക്കുന്നുള്ളൂ. കടുത്ത പ്രതിസന്ധിക്കിടയിലും കഴിഞ്ഞ പത്തുവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയില്ല. കൃത്യമായ ക്രമീകരണം ഏര്‍പ്പെടത്തിയിരുന്നു. ലോകകപ്പ് മത്സരം നടക്കുന്ന സമയത്ത് പലയിടത്തും വൈദ്യുതി നിലച്ചത് ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി. മത്സരം നടക്കുന്ന സമയത്തെങ്കിലും നിയന്ത്രണം ഒഴിവാക്കണമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സിപിഐഎം പറഞ്ഞു.

മഴക്കുറവ് കാരണം 2025 ജൂലൈയില്‍ പീക് സമയത്തെ (വൈകിട്ട് ആറ് മുതല്‍ 10 വരെ) വൈദ്യുതി ആവശ്യം 35003600 മെഗാവാട്ടായി ഉയര്‍ന്നിരുന്നു. കൃത്യമായ ആസൂത്രണമുണ്ടായതിനാല്‍ പവര്‍കട്ട് വേണ്ടിവന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുണ്ടായിരുന്ന അരമണിക്കൂര്‍, ഒരുമണിക്കൂര്‍ ലോഡ്ഷെഡിങ്ങും എല്‍ഡിഎഫ് ഭരണകാലത്ത് ഇല്ലായിരുന്നുവെന്നും സിപിഐഎം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- The CPM criticized the Kerala government, claiming it backed away from its earlier announcement that electricity restrictions would be imposed only during peak hours.

To advertise here,contact us