കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവന് നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛന് മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.
അര്‍ധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്സിജന്‍ ലെവല്‍ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാര്‍ വിളിച്ചെന്നും എന്നാല്‍ എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവര്ക്കും ഇന്‍വെര്‍ട്ടര്‍ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചിത്ര അഭയ്യുടെ ഫേസ്ബുക്ക് കുറിപ്പ്
''ഒരുപാട് വിഷമത്തോടെ ആണ് ഞാൻ ഈ പോസ്റ്റ് എഴുതുന്നത്...,ഇന്ന് വെളുപ്പിനെ ഒരു ഫോൺ കാൾ.. ചേച്ചി അച്ഛൻ മിണ്ടുന്നില്ല... ഒന്ന് വരാമോ.. പെട്ടെന്ന് ഞാൻ അവിടെയെത്തി...ആ നേരം അച്ഛൻ മരിച്ചിരുന്നു...കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിയാണ്.. ഒരു മിനിറ്റ് പോലും ഓക്സിജൻ ഇല്ലാതെ പറ്റാത്ത അവസ്ഥ..
ഇന്നലെ midnight 12 മണിക്ക് ഉണ്ടായ കറന്റ് കട്ട്... ഓക്സിജൻ concentration ആണ് ഈ രോഗി ഉപയോഗിക്കുന്നത്... അച്ഛന് ഓക്സിജൻ കിട്ടാത്ത അവസ്ഥ.. ഓക്സിജൻ ലെവൽ 39,40ലേക്ക് എത്തി.. അപ്പോൾ തന്നെ വീട്ടുകാർ kseb ഓഫീസിലേക്ക് വിളിച്ചു.. കിട്ടിയ മറുപടി... എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ്....കറന്റ് വന്ന്... ഓക്സിജൻ സ്റ്റാർട്ട് ചെയ്തു... എന്നിട്ടും രോഗിയുടെ അവസ്ഥ വളരെ മോശമായി വന്ന്... രാവിലെ 6 മണിക്ക് അച്ഛൻ യാത്ര പറഞ്ഞു...
ഭരിക്കുന്നവരോട്.... നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ... നിങ്ങൾ ഓർക്കണം.... ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യം....എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല0491 2537053 ഏതാണ് kseb യിലേക്ക് വിളിച്ച നമ്പർ''
Content Highlights: Health Worker Chithra Abhay Shares Ordeal of Patient Death During Power Cut