PSC പരീക്ഷാ ക്രമക്കേട്: ചെയർമാൻ ബൈജുവിൻ്റെ ദുരൂഹ നീക്കം; സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ ചെയര്‍മാനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി ചെയര്‍മാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിവാദത്തിനിടെ ചെയര്‍മാന്‍ എം ആര്‍ ബിജുവിന്റെ ദുരൂഹ നീക്കം. പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. അഡീഷണല്‍ സെക്രട്ടറി ഹാഷിലിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ കമ്മിറ്റിയാണ് ചെയര്‍മാന്‍ രൂപീകരിച്ചത്. ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി ആശയ വിനിമയം നടത്തുന്നതും എസ്‌ഐടിയുടെ കത്തുകളില്‍ തീരുമാനമെടുക്കുന്നതും ഈ കമ്മിറ്റിയാണ്. അന്വേഷണ സംഘത്തിന് ഏതൊക്കെ രേഖകള്‍ നല്‍കണം എന്ന കാര്യവും അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പിഎസ്‌സി ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. പിഎസ്‌സി അംഗങ്ങള്‍ അറിയാതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ ചെയര്‍മാനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി ചെയര്‍മാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. സെക്രട്ടറിക്ക് താഴെയുള്ള അഡീഷണല്‍ സെക്രട്ടറിക്കാണ് കമ്മിറ്റിയുടെ ചുമതല എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അതീവ ഗൗരവമുള്ള മൂന്ന് കത്തുകള്‍ പ്രത്യേക അന്വേഷണ സംഘം ഈ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഈ കത്തുകള്‍ പരിശോധിച്ചത് അഡീഷണല്‍ സെക്രട്ടറിയായിരുന്നു. കത്ത് കൈമാറിയ വിവരം സെക്രട്ടറി അറിഞ്ഞിരുന്നില്ല.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് വിവാമായ ഘട്ടത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ച് ക്രമക്കേട് പരീക്ഷാ കണ്‍ട്രോളറെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ചെയര്‍മാന്‍ എം ആര്‍ ബൈജു നീക്കം നടത്തിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനിടെയാണ് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ പിഎസ്‌സി സംശയമുനയിലായതോടെയായിരുന്നു സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ക്രമക്കേട് ആരോപണം ഉയര്‍ന്നത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Content Highlights- PSC Chairman Baiju has reportedly formed a special committee to investigate exam irregularities while excluding the secretary from the committee

To advertise here,contact us