അധ്യാപികയുടെ മർദ്ദനം, ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കയ്യിൽ പൊട്ടൽ; പരാതി നൽകി രക്ഷിതാക്കൾ

കൈവിരലിലെ ലിഗമെന്റിനാണ് കുട്ടിക്ക് പരിക്ക്

തിരുവനന്തപുരം: അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്കേറ്റതായി പരാതി. കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. ഇംഗ്ലീഷ് അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ക്ലാസ്സില്‍ വേഗത്തില്‍ എഴുതിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് റിനി എന്ന അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു കുട്ടിയെയും ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്നും തങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമപരമായി പോരാടുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ വലത് കൈവിരലിന് പരിക്കേറ്റിട്ടുണ്ട്. ഭയം കാരണം കുട്ടി ആദ്യം ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

പിറ്റേന്ന് വിരലില്‍ നീര് കണ്ട് ചോദിച്ചപ്പോഴാണ് അധ്യാപിക മര്‍ദ്ദിച്ച കാര്യം പുറത്തറിഞ്ഞത്. കൈവിരലിലെ ലിഗമെന്റിനാണ് കുട്ടിക്ക് പരിക്ക് സംഭവിച്ചത്. വിരലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കയ്യില്‍ നിലവില്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. മര്‍ദ്ദനമേറ്റ ദിവസം കുട്ടിക്ക് കടുത്ത പനി ബാധിച്ചതായും പരാതിയിലുണ്ട്. കടക്കാവൂര്‍ പൊലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.

അതേസമയം കുട്ടികള്‍ സംസാരിച്ചപ്പോള്‍ എല്ലാകുട്ടികളെയും അധ്യാപിക അടിച്ചതായും അങ്ങനെ പരിക്കേറ്റ കുട്ടിക്കും അടി കിട്ടികാണുമെന്നാണ് സ്‌കൂളിന്റെ ഭാഗത്തെ പ്രതികരണം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായതിനാല്‍ ചെറിയ ശിക്ഷാ നടപടിയാണ് സ്വീകരിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Content Highlights: Parents have lodged a complaint after a Class One student allegedly suffered a fractured arm following an assault by a teacher. Authorities have begun examining the incident.

To advertise here,contact us