കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ വിനോദ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം.
നീണ്ട നാലര വര്‍ഷം അതിജീവിത നടത്തിയ പോരാട്ടത്തിനൊടുവിലായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കേസെടുക്കണമെന്ന് ഒന്‍പതിന് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയതാണെന്നും ഇന്ന് പതിനഞ്ചാം തീയതി ആയെന്നും ഹെെക്കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് ആണ് ഹർജി പരിഗണിച്ചത്. പ്രതികളുടെ ഹര്‍ജി നാളെ ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു ദുരനുഭവം. ഒടുവില്‍ പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പൊലീസിന് പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായതിനാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തലവനായി നിയോഗിച്ച് എസ്ഐടി അന്വേഷിക്കണമെന്നാണ് അതിജീവിത ഉയര്‍ത്തുന്ന ആവശ്യം.
Content Highlights: High Court Slams Police for Not Registering FIR in Ponnani Case