ഒന്നുകില്‍ വി ഡി സതീശന്‍ ഗൃഹപാഠം ചെയ്തില്ല അല്ലെങ്കില്‍ അദാനിക്ക് വേണ്ടി നല്ലവണ്ണം പഠിച്ചു; തോമസ് ഐസക്

വിഴിഞ്ഞം വിദേശ നിക്ഷേപം മന്ത്രിസഭ ചര്‍ച്ച ചെയ്‌തോ എന്ന് മുഖ്യമന്ത്രി പറയണയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപ വിവാദത്തില്‍ വീണ്ടും പ്രതികരകണവുമായി സിപിഐഎം നേതാവ് തോമസ് ഐസക് രംഗത്ത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് നിബന്ധനയുണ്ടെന്ന് ഐസക് ചൂണ്ടിക്കാട്ടി. മന്ത്രിസഭ ചര്‍ച്ച ചെയ്‌തോ എന്ന് മുഖ്യമന്ത്രി പറയണയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര് ആദ്യം അറിഞ്ഞു എന്ന തര്‍ക്കം അല്ല പ്രശ്‌നം. ഇക്കണോമിക്‌സ് ടൈംസ് ജൂണ്‍ ഒന്നിന് വാര്‍ത്ത നല്‍കി പിന്നാലെ ദേശാഭിമാനിയും നല്‍കി. പക്ഷേ മെയ് 18ന് മുഖ്യമന്ത്രി ആയ സതീശന്‍ ഒന്നും അറിഞ്ഞില്ല. പുതിയ സിഇഒ വരുമ്പോള്‍ മാത്രം അറിയും എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രി ഇതിന് കൃത്യമായ മറുപടി നല്‍കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. വിഴിഞ്ഞം പോര്‍ട്ടിന് പ്രത്യേക ഓഹരി ഇല്ല. വിസില്‍ ഓഹരി സര്‍ക്കാരിന് ആണ്. അദാനിക്ക് നടത്തിപ്പവകാശമാണുള്ളത്. പോര്‍ട്ട്‌ന്റെ ഓഹരി അല്ല കൈമാറുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും ഐസക് ചോദിച്ചു. ഉടമ്പടിക്ക് വിരുദ്ധമായി ആണ് ഇത്തരം നടപടികള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അല്ലെങ്കില്‍ കുളച്ചില്‍ എന്ന ലക്ഷ്യം വച്ചാണ് അദാനി മുന്നോട്ട് പോകുന്നതെന്നും ഐസക് ആരോപിച്ചു. അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓഹരി ആണ് കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മൂന്ന് വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കൈയില്‍ വരുന്നത് ഇതാദ്യമാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. മൂന്നും കയ്യില്‍ ഉണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി അറിഞ്ഞില്ലേ എന്ന പരിഹാസവുമുണ്ടായി. ഗുരുതര വീഴ്ചയാണ് ഇതില്‍ സംഭവിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകില്‍ വി ഡി സതീശന്‍ ഗൃഹപാഠം ചെയ്തില്ല അല്ലെങ്കില്‍ അദാനിക്ക് വേണ്ടി നല്ലവണ്ണം പഠിച്ചു എന്നും തോമസ് ഐസക് പരിഹസിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് തന്നെ സതീശന്‍ മംഗലാപുരത്തേക്ക് ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് കയറിയതാണല്ലോ എന്നും അദ്ദേഹത്തിന്റെ പരിഹാസമുണ്ടായി.

Content Highlights: CPM leader Thomas Isaac has again raised questions over the foreign investment issue related to Vizhinjam Port, alleging that conditions exist for the share transfer. He also asked whether the matter was discussed by the state Cabinet and criticized the government's response to the controversy.

To advertise here,contact us