'കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം'; അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ

രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു

കൽപറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടലുണ്ടാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ബഹുജനമാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌ എന്നാണ്‌ മനസിലാക്കുന്നത്‌. ഇവരെല്ലാവരെയും മണ്ണിന്‌ പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക്‌ അടിയന്തര ചികിത്സയും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 265 മില്ലീമീറ്റര്‍ കനത്ത മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്കും വര്‍ധിച്ചിരുന്നു.

Content Highlights: m v govindan reacts wayand tunnel landslide

To advertise here,contact us