17കാരന്റെ വായില്‍ തുണിതിരുകി മര്‍ദിച്ച സംഭവം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്

ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമര്‍ദനമേറ്റത്

ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചത്. മാനേജര്‍ അടക്കം മൂന്ന് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റെജി, ബെന്നി , സിജോ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കട്ടപ്പന പൊലീസ് അന്വേഷണം പത്തനംതിട്ട പൊലിസിന് കൈമാറും. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമര്‍ദനമേറ്റത്.

മൂന്നു മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികള്‍ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വാര്‍ത്ത പുറത്ത് വന്നതോടെ കട്ടപ്പന പൊലീസ് കുട്ടിയെയും കുടുംബത്തെയും വിളിച്ചുവരുത്തുകയും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

കട്ടപ്പനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പത്തനംതിട്ടയിലേക്ക് കൈമാറും. സ്ഥാപന ഉടമയെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല. പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചതിനെ പിന്നാലെ സെന്ററിലടക്കം പരിശോധന നടത്തുമെന്നാണ് വിവരം. ഈ സെന്ററിന് കീഴിലുള്ള സ്‌നേഹമന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും മുതിര്‍ന്നവരും അടക്കമുണ്ടെന്നും ഇവര്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. വിവാദങ്ങള്‍ കനക്കുമ്പോഴും സ്ഥാപന ഉടമ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

17കാരന്റെ കയ്യിലും കാലിലും ശരീരത്തിലും ഗുരുതര പരിക്കുണ്ട്. ശരീരത്തില്‍ മുറിവുകളുമുണ്ട്. സ്ഥാപനത്തിലെ ഒരു യുവതി കുട്ടിയുടെ ജീവന്‍ വേണമെങ്കില്‍ എത്രയും വേഗം ഇവിടെയെത്തി മോചിപ്പിക്കണമെന്ന് വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം മാര്‍ച്ച്11നാണ് യൂട്യൂബിലൂടെ വീഡിയോ കണ്ട് ഈ സ്ഥാപനത്തെ കുറിച്ചറിയുന്നതും സ്ഥാപനത്തില്‍ ആരാധനയ്‌ക്കെത്തുന്നത്. കുടുംബത്തിലെ മൂന്ന് മക്കളില്‍ മൂത്ത കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാം, വീഡിയോ എഡിറ്റിങ്ങ് പഠിപ്പിക്കാം, ജോലി നല്‍കാം എന്നിങ്ങനെയാണ് സ്ഥാപനത്തില്‍ ആരാധനയ്‌ക്കെത്തിയ കുടുംബത്തിന് ലഭിച്ച വാഗ്ദാനം. മണ്ണെടുപ്പ്, കല്ലുചുമട് കൂടാതെ പ്രായമായ ആളുകളെ കുളിപ്പിക്കുക തുടങ്ങിയ ജോലികളാണ് കുട്ടിക്ക് അവിടെ ചെയ്യേണ്ടി വന്നതെന്ന് പരായില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ മന്ത്രി ബിന്ദുകൃഷ്ണയും ഇടപെട്ടിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ മന്ത്രിയുടെ നിർദേശപ്രകാരം പരിശോധനയും നടത്തി. പ്രാഥമിക റിപ്പോർട്ട്‌ ലഭിച്ചെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിശദ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് നിർദേശം.

Content highlights: Police have registered a case against Elohim Global Worship Centre following allegations that a 17-year-old was beaten

To advertise here,contact us